തിരുവനന്തപുരം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നല്‍കി. സമരസമിതി നേതാക്കള്‍ക്കൊപ്പമെത്തിയാണ് മാതാപിതാക്കള്‍ നിവേദനം നല്‍കിയത്.

സര്‍ക്കാര്‍ കുടുംബത്തോടൊപ്പമെന്ന് പറയുമ്പോഴും പ്രവൃത്തിയിലതില്ലെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു.

"മുഖ്യമന്ത്രിയെ കണ്ടില്ല. സെക്രട്ടറി മോഹനനെയാണ് കണ്ടത്. സിബിഐ അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. സര്‍ക്കാര്‍ കുടുംബത്തോടൊപ്പം ഉണ്ട് എന്ന് പറയുകയാണ്. പക്ഷെ പ്രവൃത്തിയിലതില്ല. സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടാവണമെങ്കില്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം. അവരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണം", കുട്ടികളുടെ അമ്മ പറഞ്ഞു.

ഡിവൈഎസ്പി സോജന്‍, എസ്‌ഐ ചാക്കോ എന്നിവരുടെ ഇടപെടലുകളാണ് കേസിന് തിരിച്ചടിയുണ്ടാവാന്‍ കാരണം. ഇവര്‍ക്കെതിരേ നടപടിയുണ്ടാവണമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.  

content highlights: Valayar case, family seek CBI invstigation