വളയം (കോഴിക്കോട്): പ്രണയത്തെത്തുടര്‍ന്ന് നാടുവിട്ട കമിതാക്കള്‍ അഞ്ചുവര്‍ഷത്തിന് ശേഷം പിടിയില്‍. 2012 ജൂലായ് 18-നാണ്   വാണിമേല്‍ പരപ്പുപാറ സ്വദേശി പതിനെട്ട് കാരനും കുങ്കന്‍ നിരവുമ്മലിലെ മുപ്പത്തിമൂന്നുകാരി യുവതിയും നാടുവിടുന്നത്. യുവാവിന്റെയും യുവതിയുടെയും തിരോധാനം ഏറെ ദുരൂഹതകള്‍ക്കിടയാക്കിയിരുന്നു.

പോലീസ് സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ കേസ് മരവിപ്പിക്കുകയായിരുന്നു.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറിത്താമസിച്ചുവരികയായിരുന്നു ഇവര്‍. കഴിഞ്ഞദിവസങ്ങളില്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന ഇവരെ വളയം പോലീസ് പിടികൂടുകയായിരുന്നു.

വളയം അഡീ. എസ്.  ഐ. ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയ കമിതാക്കളെ കോടതിയില്‍ ഹാജരാക്കി. നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു.