നിലമ്പൂര്‍: പ്രളയക്കയത്തില്‍ മുങ്ങിത്താഴ്ന്ന നിലമ്പൂരിന് സാന്ത്വനമാവുകയാണ് വളാഞ്ചേരി വി.കെ.എം.സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍. തങ്ങളുടെ പ്രിയ സഹപാഠിയും സെറിബ്രല്‍ പാള്‍സി ബാധിതനുമായ ഷിയാസിനുവേണ്ടി ആരംഭിച്ച വിഭവ സമാഹരണമാണ് ഇപ്പോള്‍ നിലമ്പൂരില്‍ കുറേ കുടുംബങ്ങള്‍ക്ക്‌ താങ്ങാവുന്നത്. 

നിലമ്പൂർ മുതേരി ചക്കപ്പാടി കോളനിയിലെ മുപ്പതോളം വീട്ടുകാർക്ക് വീട്ടുപകരണങ്ങളും എത്തിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം രൂപ പി.വി.അബ്ദുള്‍ വഹാബ്  എം പി യുടെ നിലമ്പൂരിലെ ഓഫീസിലെത്തി വിദ്യാര്‍ത്ഥികള്‍ കൈമാറുകയും ചെയ്തു. 

വി.കെ.എം സ്‌പെഷ്യല്‍ സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയും ഇവരുടെ സുഹൃത്തുമായ ഷിയാസിന്റെ വീട് പ്രളയത്തിലകപ്പെട്ടിരുന്നു. വീട്ടിലെ ടി.വി.ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളെല്ലാം നഷ്ടമായി. ഇതോടെയാണ് ഷിയാസിന് ചെറിയൊരു സഹായമെന്ന രീതിയില്‍ മാനസിക - ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സ്‌കൂളിലെ 276ഓളം വിദ്യാര്‍ഥികളും രക്ഷിതാക്കളും ജീവനക്കാരും മാനേജ്‌മെന്റുമാണ് ചെയര്‍മാന്‍ വി.കെ.മുഹമ്മദ് അഷ്‌റഫിന്റെ നേതൃത്വത്തില്‍ സമാഹരണം നടത്തിയത്. 

കുട്ടികള്‍ നല്‍കിയ ഒരു ലക്ഷം രൂപക്ക് 100 കോടിരൂപയുടെ മൂല്യമാണുള്ളത്. ഭിന്നശേഷിയുള്ളവര്‍ സഹായങ്ങള്‍ സ്വീകരിക്കുന്നവര്‍ മാത്രമല്ല, ആര്‍ദ്രതയും സാമൂഹിക ഉത്തരവാദിത്തമുള്ള പൗരന്‍മാര്‍കൂടിയാണെന്ന് സഹായം സ്വീകരിച്ചുകൊണ്ട് അബ്ദുള്‍ വഹാബ് എം.പി.പറഞ്ഞു.

കഴിഞ്ഞ പ്രളയകാലത്തും അവശ്യസാധനങ്ങളുൾപ്പെടെയുള്ളവ ശേഖരിച്ച് തങ്ങളാൽ കഴിയുന്ന സഹായം പ്രളയബാധിതർക്ക് കുട്ടികൾ കൈമാറിയിരുന്നു. 

ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ, സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന വി.കെ.മുഹമ്മദ് സാഹിബിന്റെ സ്മരണാര്‍ത്ഥമാണ് മകന്‍ വി.കെ. മുഹമ്മദ് അഷ്‌റഫ് വളാഞ്ചേരിയില്‍  വി.കെ.എം. സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിച്ചത്.   

Content Highlights: Valanchery VKM Special school students Initiatives for flood relief