സനുമോഹൻ | Screengrab: Mathrubhumi News
കൊച്ചി: കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് പിടിയിലായ സനുമോഹനെ കൊച്ചിയിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ 4.15 ഓടെയാണ് സനുമോഹനെ തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ചത്. മകള്‍ വൈഗയുടെ മരണത്തിനുപിന്നാലെ അപ്രത്യക്ഷനായ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റില്‍ സനു മോഹനെ ഉത്തര കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് കര്‍ണാടക പോലീസ് പിടികൂടിയത്.
സനുമോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും. ഇയാളുടെ കോവിഡ് പരിശോധനയും മറ്റ് വൈദ്യ പരിശോധനകളും നടത്തേണ്ടതുണ്ട്. തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോകും. പതിനൊന്നര മണിക്ക് സിറ്റി പോലീസ് കമ്മിഷണറും ഡിസിപിയും വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
സനു മോഹന്‍ കൊല്ലൂരിലുണ്ടെന്ന് വെള്ളിയാഴ്ച വിവരം ലഭിച്ചതോടെ കൊച്ചിയില്‍നിന്നുള്ള അന്വേഷണസംഘം പുറപ്പെട്ടിരുന്നു. കര്‍ണാടക പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുന്നതിനിടെയാണ് പിടിയിലായത്. കര്‍ണാടക പോലീസ് സനുവിനെ കൊച്ചി സിറ്റി പോലീസിന് കൈമാറി. ഞായറാഴ്ച രാത്രിതന്നെ സനുവിനെകൂട്ടി പോലീസ് കൊച്ചിയിലേക്ക് തിരിച്ചിരുന്നു.
കൊല്ലൂരില്‍ ഒളിവില്‍ താമസിച്ചിരുന്ന സനു ഹോട്ടലില്‍ പണംനല്‍കാതെ മുങ്ങിയതിനെത്തുടര്‍ന്ന് കൊല്ലൂര്‍ ബീന റെസിഡന്‍സി ജീവനക്കാര്‍ പോലീസിനെ അറിയിച്ചു. സനു ഹോട്ടലില്‍ നല്കിയ ആധാര്‍വിവരങ്ങള്‍ പരിശോധിച്ച് കര്‍ണാടക പോലീസ് കേരള പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ സനു ഉഡുപ്പിയിലേക്കാണ് പോയതെന്ന് മനസ്സിലായി. അയാള്‍ സഞ്ചരിച്ച ബസും കണ്ടെത്തി. സനുവിനെ പിന്തുടര്ന്ന് കാര്‍വാറില്‍വെച്ച് പിടികൂടുകയായിരുന്നു.
മാര്‍ച്ച് 21-ന് രാത്രിയാണ് സനു മോഹനെയും മകള്‍ വൈഗയെയും കാണാതായത്. അന്ന് വൈകീട്ട് ആലപ്പുഴയിലെ ബന്ധുവീട്ടില്‍ സനുവും കുടുംബവും ചെന്നിരുന്നു. ഭാര്യ രമ്യയെ അവിടെയാക്കിയശേഷം മറ്റൊരു വീട്ടില്‍ പോയിവരാമെന്ന് പറഞ്ഞ് സനു വൈഗയെയും കൂട്ടി ഇറങ്ങുകയായിരുന്നു. അര്‍ധരാത്രിയായിട്ടും കാണാതായതോടെ അന്വേഷണം തുടങ്ങി. കങ്ങരപ്പടി ഫ്ളാറ്റില്‍ എത്തി തിരക്കിയപ്പോഴാണ് രാത്രി 9.30-ന് ഫ്ളാറ്റില്‍ എത്തിയതായും കുറച്ചുകഴിഞ്ഞപ്പോള്‍ കാറുമായി പുറത്തുപോയതായും വിവരം ലഭിച്ചത്. വൈഗയെ പിറ്റേന്ന് ഇടപ്പള്ളി മുട്ടാര്‍പ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
കേരള പോലീസിനെ 28 ദിവസമാണ് സനു മോഹന്‍ വട്ടം കറക്കിയത്. വൈഗയുടെ മൃതദേഹം കണ്ടെത്തിയതുമുതലാണ് അന്വേഷണം തുടങ്ങിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..