കൊച്ചി: മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് സമ്മതിച്ച് സനുമോഹന്‍.  മകളുമായി ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. മകളെ ആദ്യം പുഴയിലേക്ക് എറിഞ്ഞു. എന്നാല്‍ തനിക്ക് ചാടാന്‍ കഴിഞ്ഞില്ലെന്നും സനുമോഹന്റെ മൊഴി. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് മകളെ കൊലപ്പെടുത്തിയത്. തനിക്ക് ആത്മഹത്യ ചെയ്യാന്‍ ധൈര്യം ലഭിച്ചില്ലെന്നും സനുമോഹന്‍ പോലീസിനോട് വ്യക്തമാക്കി.  

വൈഗയെ ശ്വാസം മുട്ടിച്ച്  കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേ തുടര്‍ന്ന് കുട്ടിയെ പുതപ്പില്‍ പൊതിഞ്ഞ് ആറ്റിലേക്ക് എറിയുകയായിരുന്നു എന്നാണ് സനുമോഹന്‍ പോലീസിനോട് പറഞ്ഞത്.

ഇയാളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്.  കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമേ അന്തിമ  നിഗമനത്തില്‍ എത്താന്‍ കഴിയൂ എന്നാണ് പോലീസ് നിലപാട്. 

പതിനൊന്നര മണിക്ക് സിറ്റി പോലീസ് കമ്മിഷണറും ഡിസിപിയും നടത്തുന്ന വാർത്താ സമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് പിടിയിലായ സനുമോഹനെ ഇന്ന് പുലര്‍ച്ചെ 4.15 ഓടെയാണ് തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ചത്. മകള്‍ വൈഗയുടെ മരണത്തിനുപിന്നാലെ അപ്രത്യക്ഷനായ സനു മോഹനെ ഉത്തര കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് കര്‍ണാടക പോലീസ് പിടികൂടിയത്.

സനുമോഹന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Content Highlight; Vaiga murder case:  Sanu Mohan confessed