ജീവന്‍പൊലിയുമ്പോള്‍ മാത്രം ഉണരുന്ന സംവിധാനങ്ങള്‍;  വടക്കഞ്ചേരിയില്‍ സ്‌കൂള്‍ അധികൃതര്‍ക്കും വീഴ്ച


വടക്കഞ്ചേരി അപകടത്തിൽനിന്നുള്ള ദൃശ്യം |ഫോട്ടോ:മാതൃഭൂമി

തൃശൂര്‍: ജീവനുകള്‍ നഷ്ടപ്പെടുമ്പോള്‍ മാത്രമേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണരൂ എന്ന നിലയാണ് നിലവിലുള്ളതെന്ന ആക്ഷേപം വടക്കാഞ്ചേരിയിലെ അപകടത്തിന് പിന്നാലെ വീണ്ടും ഉയരുകയാണ്. ഇത് ശരിവെച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടൂറിസ്റ്റ് ബസുകള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ആരംഭിച്ചിട്ടുമുണ്ട്.

വടക്കഞ്ചേരിയിലെ ഒമ്പത് പേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണെന്ന പ്രാഥമിക വിലയിരുത്തലിനിടെ ബസിന്റെ വ്യാപക നിയമലംഘനങ്ങളും പുറത്തുവന്നിരിക്കുകയാണ്. വിദ്യാര്‍ഥികളുമായി ഇത്തരത്തില്‍ യാത്രകള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിക്കാതെ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ട്.വിനോദ യാത്രകള്‍ നടത്തും മുമ്പ് സ്‌കൂള്‍ അധികൃതര്‍ മോട്ടോര്‍ വാഹന വകുപ്പിനെ പോകുന്ന വാഹനം സംബന്ധിച്ച് വിവരങ്ങള്‍ ധരിപ്പിക്കണമെന്നാണ് ചട്ടം. അവര്‍ വന്ന് വാഹനം പരിശോധിച്ച ശേഷമായിരിക്കും യാത്രയ്ക്ക് അനുമതി നല്‍കുക.

എന്നാല്‍ എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ അധികൃതര്‍ ഇത്തരമൊരു അറിയിപ്പൊന്നും തങ്ങള്‍ക്ക് നല്‍കിയിരുന്നില്ലെന്ന്‌ തൃപ്പൂണിത്തുറ ജോയിന്റ് ആര്‍ടിഒ പി.ടി.യൂസഫ് പറഞ്ഞു.

ബസിന്റെ നിയമപരമായ പരിശോധനകള്‍ക്കൊപ്പം സ്പീഡ് ഗവര്‍ണറും ജിപിഎസ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതടക്കം ആര്‍ടിഒയുടെ പരിശോധനയില്‍ നടക്കേണ്ടതാണ്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ വിവരം നല്‍കാത്തത് മൂലം അങ്ങനെയുള്ള പരിശോധന നടക്കാതെ പോയി.

അപകടത്തില്‍പ്പെട്ട ലൂമിനസ് ടൂറിസ്റ്റ് ബസില്‍ സ്പീഡ് ഗവര്‍ണര്‍ വേര്‍പ്പെടുത്തി ഇട്ടിരുന്നതായിട്ടാണ് ആര്‍ടിഒയുടെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഗതാഗത വകുപ്പ് കരിമ്പട്ടികയില്‍പ്പെടുത്തിയ ബസിനെതിരെ അഞ്ചോളം കേസ് നേരത്തെ എടുത്തിരുന്നതായും ആര്‍ടിഒ വൃത്തങ്ങള്‍ പറയുന്നു.

സ്‌കൂളുകളില്‍ നിന്ന് പഠനയാത്രകള്‍ക്ക് പോകുമ്പോള്‍ ബസുകളില്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചും ബസുകളുടെ രൂപമാറ്റം സംബന്ധിച്ചുമെല്ലാം മാനദണ്ഡങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഗതാഗത കമ്മീഷണര്‍ ജൂലായില്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍മാക്കും നിര്‍ദേശം നല്‍കിയതാണ്.

എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ വീഴ്ചയ്‌ക്കൊപ്പം നിയമംലംഘിക്കുന്ന ബസുകള്‍ റോഡുകളില്‍ ഇറക്കുന്നത് തടയാന്‍ ഗതാഗത വകുപ്പിനും കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. നിരത്തിലിപ്പോഴും നൂറു കണക്കിന് ബസുകള്‍ അടിമുടി നിയമലംഘനം നടത്തി സര്‍വീസ് നടത്തുന്നുണ്ട്.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഇടപെടലിന് പിന്നാലെ സംസ്ഥാനത്ത് ഗതാഗത വകുപ്പ് റെയ്ഡ് ആരംഭിച്ചിട്ടുണ്ട്.

നിരോധിത ലൈറ്റുകളും ശബ്ദ സംവിധാനങ്ങളുമായി ഒരു ബസ്സും ഇനി നിരത്തുകളില്‍ ഇറങ്ങരുതെന്ന് കോടതി കര്‍ശനമായി നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് നിരത്തുകളില്‍ പരിശോധന നടത്താനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടുണ്ട്. ഇതിനുപുറമെ, ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ നടപടിയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നുമാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.


Content Highlights: vadakkenchery accident-rto-School authorities also fail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented