കണ്ണ് കെട്ടിപ്പൊതിഞ്ഞെത്തി എൽസബ, കണ്ണീരോടെ വിദ്യാർഥികളെ ചേർത്തുപിടിച്ച് അധ്യാപകർ; ഓർമകൾ മായാതെ അവർ


അധ്യാപകരും കുട്ടികളും ക്ലാസ് മുറികളിൽ വന്നിരുന്ന്‌ മനസ്സു തുറന്ന് വിഷമങ്ങൾ പങ്കിടാൻ സാഹചര്യമൊരുക്കി. വിനോദയാത്രാ സംഘത്തിൽ ഉണ്ടായിരുന്ന കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേക കൗൺസലിങ് നൽകി. മറ്റു കുട്ടികൾക്കും അധ്യാപകർക്കും മാനസിക പരിചരണം ഉറപ്പാക്കാനും ശ്രദ്ധിച്ചിരുന്നു.

• വടക്കഞ്ചേരിയിലെ വാഹനാപകടത്തിനു ശേഷം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂൾ തിങ്കളാഴ്ച തുറന്നപ്പോൾ. മരിച്ചതും പരിക്കേറ്റതുമായ കുട്ടികളുടെ വസ്ത്രങ്ങൾ അടങ്ങിയ ബാഗുകൾ അവരുടെ വീടുകളിൽ എത്തിക്കാനായി കൊണ്ടുപോകുന്നു, വടക്കാഞ്ചേരിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ എൽസബ

കൊച്ചി: സ്‌കൂൾ മുറ്റത്തെ പള്ളിയുടെ മുന്നിൽ മെഴുകുതിരി കത്തിക്കുമ്പോൾ അവർ കരയുന്നുണ്ടായിരുന്നു. കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ക്ലാസ് മുറികളിലേക്കു നടക്കുമ്പോൾ അധ്യാപകരുടെ മിഴികളും നനഞ്ഞിരുന്നു. കഴിഞ്ഞ ബുധനാഴ്ച വടക്കഞ്ചേരിയിലെ ബസപകടത്തിൽ ആറു ജീവൻ പൊലിഞ്ഞ വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂൾ തിങ്കളാഴ്ച വീണ്ടും തുറന്നപ്പോൾ ഉരുകിത്തീരാത്ത വേദനകളാണ് എവിടെയും കത്തിനിന്നത്. കൂട്ടുകാരുടെ നൊമ്പരപ്പെടുത്തുന്ന ഓർമകളും അപകട ഭീതിയും വിട്ടൊഴിയാതെയാണ് മിക്ക കുട്ടികളും സ്‌കൂളിലേക്കെത്തിയത്.

മാനസിക പരിചരണത്തിന്റെ തണലിലേക്കു കുട്ടികളെയും അധ്യാപകരെയും ചേർത്തു നിർത്താനായിരുന്നു തിങ്കളാഴ്ച സ്‌കൂൾ അധികൃതരുടെ ശ്രമം. അധ്യാപകരും കുട്ടികളും ക്ലാസ് മുറികളിൽ വന്നിരുന്ന്‌ മനസ്സു തുറന്ന് വിഷമങ്ങൾ പങ്കിടാൻ സാഹചര്യമൊരുക്കി. വിനോദയാത്രാ സംഘത്തിൽ ഉണ്ടായിരുന്ന കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേക കൗൺസലിങ് നൽകി. മറ്റു കുട്ടികൾക്കും അധ്യാപകർക്കും മാനസിക പരിചരണം ഉറപ്പാക്കാനും ശ്രദ്ധിച്ചിരുന്നു.ജില്ലാ മാനസികാരോഗ്യ കേന്ദ്രം, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി, ശിശുക്ഷേമ സമിതി, കെൽസ, മൈത്രി, ആല, രാജഗിരി കോളേജ്, സെയ്‌ന്റ് തെരേസാസ് കോളേജ് തുടങ്ങി വിവിധയിടങ്ങളിൽനിന്നുള്ളവരുടെ കൂട്ടായ്മയിലാണ് കുട്ടികൾക്കും അധ്യാപകർക്കും കൗൺസലിങ് നൽകിയത്.

പത്താം ക്ലാസിൽ പഠിച്ചിരുന്ന ക്രിസ് വിന്റർബോൺ തോമസ്, ദിയ രാജേഷ്, എൽന ജോസ്, പന്ത്രണ്ടാം ക്ലാസിൽ പഠിച്ചിരുന്ന അഞ്ജന അജിത്ത്, സി.എസ്. ഇമ്മാനുവൽ എന്നിവരാണ് മരിച്ചത്.

നാലു മാസത്തിലേറെ നീളുന്ന മാനസിക പരിചരണമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന്‌ മാനസികാരോഗ്യ വിദഗ്ധൻ ഡോ. സി.ജെ. ജോൺ പറഞ്ഞു. “ഈ കുഞ്ഞുങ്ങളുടെയെല്ലാം മനസ്സിൽ വലിയ മുറിവേറ്റിട്ടുണ്ട്. എത്രകാലം കൊണ്ടാകും ഇവർ ആ വലിയ സങ്കടത്തിൽനിന്നു മോചിതരാകുന്നതെന്നു പറയാൻ കഴിയില്ല. വലിയ ക്ലാസുകളിലെ കുട്ടികൾക്ക് നിർണായകമായ പരീക്ഷ അടുത്തു വരുന്ന സമയമായതിനാൽ ഏറെ മാനസിക പരിചരണം നൽകി ആശ്വസിപ്പിക്കേണ്ടതുണ്ട്. പരീക്ഷ നന്നായി എഴുതുന്നതിന്‌ ഇവരെ സജ്ജമാക്കുന്നതിനാണ് ഞങ്ങളെല്ലാം ഒത്തുചേർന്നു ശ്രമിക്കുന്നത്”-ഡോ. സി.ജെ. ജോൺ പറഞ്ഞു.

സ്‌കൂൾ മുറ്റത്തെ സെയ്‌ന്റ് തോമസ് ദയറാ പള്ളിയുടെ മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചാണ് മിക്കവരും സ്‌കൂളിലേക്കു കയറിയത്. കുട്ടികളുമായി വന്ന രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പി.ടി.എ. യോഗവും കൂടി. അധ്യാപകർക്കു ഗൂഗിൾ മീറ്റിലൂടെ പ്രത്യേക കൗൺസലിങ് പരിശീലനം നൽകി അതു തുടർ ദിവസങ്ങളിൽ കുട്ടികളിലേക്കെ ത്തിക്കാനാണ് ആലോചിക്കുന്നതെന്ന്‌ സ്‌കൂൾ മാനേജർ ഫാ. കുര്യാക്കോസ് ജോർജ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ് കഴിയുന്ന കുട്ടികളുടെ വീടുകൾ ഇതിനകംഅധ്യാപകർ സന്ദർശിച്ചിരുന്നു. സ്‌കൂളിലെ മറ്റു കുട്ടികളുടെയും വീടുകൾ സന്ദർശിക്കാനും ആലോചിക്കുന്നുണ്ട്.

ഓർമകൾ മായാതെ അവർ

കൊച്ചി: അപകടത്തിൽ മുറിവേറ്റ ഒരു കണ്ണ് കെട്ടിപ്പൊതിഞ്ഞാണ് എൽസബ സ്‌കൂളിലേക്കെത്തിയത്. വടക്കഞ്ചേരി ബസപകടത്തിൽ മരിച്ച ദിയയും എൽനയും എൽസബയുടെ പ്രിയപ്പെട്ട കൂട്ടുകാരികളായിരുന്നു. സങ്കടത്തോടെ ബാഗുമായി നടന്നുനീങ്ങുന്ന എൽസബയെ നോക്കി നിൽക്കുമ്പോൾ അരികിൽ നിന്ന മറ്റൊരു കുട്ടിയുടെ അമ്മ ഷാന്റി വിങ്ങിപ്പൊട്ടി. “ഈ കുട്ടികളെ കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല. കൂട്ടുകാരെ നഷ്ടപ്പെട്ട വേദനയിൽ നിൽക്കുന്ന ഇവരെ എന്തു പറഞ്ഞ്‌ ആശ്വസിപ്പിക്കാനാണ്! എന്റെ മകനും ആ യാത്രയിലുണ്ടായിരുന്നു. പരിക്കുകളോടെ അവനെ തിരികെ കിട്ടി... എന്നാലും മാറുന്നില്ല വേദനകൾ” - ഷാന്റി പറഞ്ഞു.

അപകടത്തിൽ മരിച്ച കായികാധ്യാപകൻ വിഷ്ണുവിന്റെ ഓർമകളിൽ ഷാന്റി ഉള്ളുലഞ്ഞ് കരഞ്ഞുപോയി. “എന്റെ മകൻ അലൻ വിനോദയാത്രയ്ക്കിടെ കുടിക്കാൻ വെള്ളവും ജ്യൂസും നൽകിയ വിഷ്ണുസാറിന്റെ കാര്യം പറഞ്ഞാണ് കരയുന്നത്. അലന്‌ ജ്യൂസ് നൽകി സാർ ബസിന്റെ മുൻഭാഗത്തേക്കു പോയി അല്പം കഴിഞ്ഞപ്പോഴായിരുന്നു അപകടം. സാർ കൊടുത്ത വെള്ളക്കുപ്പിയുമായാണ് അലൻ വീട്ടിൽ തിരികെയെത്തിയത്. ഇപ്പോൾ ആ കുപ്പി കാണുമ്പോൾ അവനു സങ്കടവും പേടിയുമാണ്. അപകടത്തിൽ അവന്റെ കണ്ണടയും പൊട്ടിത്തകർന്നിരുന്നു” - ഷാന്റി പറഞ്ഞു.

വിഷ്ണുവിന്റെ ഓർമകളാണ് സ്‌കൂൾ മുറ്റത്ത് നിന്നിരുന്ന ജോസ് എന്ന രക്ഷിതാവും പങ്കുവെച്ചത്. “എന്റെ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഇരട്ടക്കുട്ടികളായ അന്നയെയും തോമസിനെയും സ്‌കൂളിൽനിന്നു കൂട്ടാൻ എന്നും വൈകുന്നേരം ഞാൻ വരാറുണ്ടായിരുന്നു. പൂജ അവധിക്കു മുമ്പുള്ള വെള്ളിയാഴ്ച വൈകുന്നേരമാണ് വിഷ്ണുസാറിനെ അവസാനമായി കണ്ടത്. സ്‌കൂൾ വിടാനുള്ള ബെല്ലടിച്ചപ്പോൾ ഒരു ഫോൺ വന്ന്‌ ഞാൻ അതിൽ സംസാരിച്ചു നിൽക്കുകയായിരുന്നു. ഞാൻ വൈകുന്നതു കണ്ട് വിഷ്ണുസാർ കുട്ടികളെ ക്ലാസിൽ നിന്ന് എന്റെ അരികിലേക്കു കൂട്ടിക്കൊണ്ടു വന്നിരുന്നു. സാറിനോട്‌ ബൈ പറഞ്ഞാണ് ഞാനും കുട്ടികളും അന്നു മടങ്ങിയത്. പിന്നെ സാറിനെ കാണുന്നത്...” സങ്കടത്താൽ ജോസിന്റെ വാക്കുകൾ മുറിഞ്ഞു.

തിങ്കളാഴ്ച സ്‌കൂളിൽ വന്ന കുട്ടികളെല്ലാം മാറാത്ത സങ്കടത്തിലായിരുന്നെന്ന് മാനേജർ ഫാ. കുര്യാക്കോസ് ജോർജ് പറഞ്ഞു. “കുട്ടികളുടെ ഓർമകളിൽ മായാത്ത വേദനകളുണ്ടെന്ന് മനസ്സിലാക്കിത്തന്നെയാണ് അവരെ ഞങ്ങൾ വീണ്ടും സ്‌കൂൾ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നത്. മരിച്ച കുട്ടികളുടെയും അധ്യാപകന്റെയും പേരിൽ സ്‌കൂളിൽ വെച്ചിരുന്ന ഫ്ളക്സ് ബോർഡുകളെല്ലാം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

കുട്ടികളുടെ മനസ്സിലേറ്റ പോറലുകൾ പരിഹരിച്ച് കരുതലോടെ അവരെ മുന്നോട്ടു കൊണ്ടു പോകാൻ സന്നദ്ധ സംഘടനകളുടെ വലിയ സഹായവും ലഭിച്ചിരുന്നു” - ഫാ. കുര്യാക്കോസ് ജോർജ് പറഞ്ഞു.

ഡ്രൈവറുടെ പിഴവ്

തിരുവനന്തപുരം: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടം ഡ്രൈവറുടെ പിഴവാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അതിവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടത്തിനിടയാക്കിയത്. അതിവേഗം തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക് സംവിധാനത്തിൽനിന്നും ഉടമയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് മാത്രമാണ് ഈ സംവിധാനമുള്ളത്. നിയമലംഘനങ്ങൾക്കെതിരേ നടപടിയെടുക്കുമ്പോൾ വിനോദസഞ്ചാരമേഖലയെ ബാധിക്കുന്നുവെന്ന് പരാതിപ്പെട്ടിട്ട് കാര്യമില്ല. -മന്ത്രി പറഞ്ഞു.

Content Highlights: Vadakkanchery tourist bus accident - school open


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented