''ഭാഗ്യംകൊണ്ടാണ് ജീവനോടിരിക്കുന്നത്, ആ ഭാഗ്യം ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ടായില്ല...ഏബേല്‍ പറയുന്നു


'അകത്തു നിന്ന് കൂട്ട നിലവിളിയായിരുന്നു. കിട്ടിയ ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ നടുങ്ങിപ്പോയി. ചുറ്റും ചോരയായിരുന്നു. ഞങ്ങള്‍ കല്ലുകൊണ്ട് പിന്നിലെ ചില്ല് തകര്‍ത്ത് കുറെപ്പേരെ പുറത്തെത്തിച്ചു. അപ്പോഴേക്കും നാട്ടുകാര്‍ ഓടിക്കൂടി'

1. ഏബേൽ മാതാപിതാക്കളായ നോബിളിനും ആശയ്ക്കുമൊപ്പം. 2. അപകടത്തിൽപ്പെട്ട ബസ്

കൊച്ചി: ''ഭാഗ്യംകൊണ്ടാണ് ജീവനോടിരിക്കുന്നത്, ആ ഭാഗ്യം ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ടായില്ല...'' വിങ്ങുന്ന മനസ്സോടെയാണ് ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂള്‍ ലീഡറായ ഏബേല്‍ സംസാരിച്ചത്. ബുധനാഴ്ച രാത്രിയെക്കുറിച്ച് ഓര്‍ക്കുന്തോറും ഏബേലിന് തല മരവിക്കും.

ആരക്കുന്നം വെട്ടിക്കാട്ടില്‍ വീട്ടില്‍ മാതാപിതാക്കള്‍ക്കും അനിയത്തിക്കുമൊപ്പം ഇരിക്കുമ്പോഴും ചോരയില്‍ കുളിച്ച രാത്രി കണ്‍മുന്നില്‍ നീറിനില്‍ക്കുന്നു. അപകടത്തില്‍ ചുണ്ട് മാത്രമേ മുറിഞ്ഞുള്ളു. പിന്നെ ദേഹത്ത് അവിടവിടെയായി ഇത്തിരി വേദനയും.

വടക്കഞ്ചേരി ദുരന്തത്തില്‍ തകര്‍ന്ന ബസില്‍നിന്ന് ആദ്യം പുറത്തെത്തിയത് ഏബേലും കൂട്ടുകാരുമാണ്. ''ഏറ്റവും പിന്‍സീറ്റിലായിരുന്ന ഞങ്ങള്‍ പാതി ഉറക്കത്തിലായിരുന്നു. ഭയങ്കര ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. വണ്ടി മറിഞ്ഞ് തിരിഞ്ഞുവീണു. ചെരിഞ്ഞുകിടന്ന ബസിന്റെ മുകളിലെ ജനാലയിലൂടെയാണ് പുറത്തെത്തിയത്. സോള്‍, അഭിഷേക്, ആഷ്ലി, ജീവന്‍, ജസ്റ്റിന്‍ എന്നിവര്‍ കൂടി പിന്നാലെ പുറത്തുവന്നു.

അകത്തു നിന്ന് കൂട്ട നിലവിളിയായിരുന്നു. കിട്ടിയ ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ നടുങ്ങിപ്പോയി. ചുറ്റും ചോരയായിരുന്നു. ഞങ്ങള്‍ കല്ലുകൊണ്ട് പിന്നിലെ ചില്ല് തകര്‍ത്ത് കുറെപ്പേരെ പുറത്തെത്തിച്ചു. അപ്പോഴേക്കും നാട്ടുകാര്‍ ഓടിക്കൂടി''. ദുരന്തത്തില്‍ മരിച്ച ഇമ്മാനുവല്‍ ഏബേലിന്റെ അടുത്ത കൂട്ടുകാരനായിരുന്നു. വീട്ടിലൊക്കെ പലപ്പോഴും വരുമായിരുന്നു.

'യാത്ര തുടങ്ങിയപ്പോള്‍ ബസില്‍ പാട്ടും ഡാന്‍സുമൊക്കെയുണ്ടായിരുന്നു. ഇമ്മാനുവലും അതിനൊക്കെ കൂടി. അങ്കമാലിയിലെത്തിയപ്പോഴാണ് രാത്രിഭക്ഷണം കഴിച്ചത്. പിന്നെ മിക്കവരും ഉറക്കമായി''.

പെണ്‍കുട്ടികളെല്ലാം മുന്‍ഭാഗത്തായിരുന്നു. ആണ്‍കുട്ടികള്‍ പിന്നിലും. ''മുന്നിലിരുന്ന പലര്‍ക്കും മുഖത്തെല്ലാം പരിക്കുണ്ടെന്നാണ് അറിഞ്ഞത്. സ്‌കൂളിലേക്ക് വിളിച്ചറിയിച്ചത് ഏബേലാണ്. പിന്നെ വീട്ടിലേക്കും''. കോവിഡ് കാലത്ത് പലര്‍ക്കും സ്‌കൂളില്‍നിന്ന് വിനോദയാത്ര പോകാനായിരുന്നില്ല. ഇത് കുട്ടികള്‍ ഏറെ മോഹിച്ച് നടത്തിയ യാത്രയായിരുന്നു.

കരള്‍ പിളരും നോവില്‍ യാത്രാമൊഴി

അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവര്‍.

കൊച്ചി: മക്കളുടെ ചോരപുരണ്ട മുഖങ്ങള്‍ കാണാനാകാതെ ഉറ്റവര്‍ ബോധമറ്റു വീണു. എങ്ങനെ സമാശ്വസിപ്പിക്കണമെന്ന് അറിയാതെ ഒപ്പമുള്ളവര്‍ തളര്‍ന്നു.

ഇന്നലെ ഓടിക്കളിച്ച സ്‌കൂള്‍ മുറ്റത്ത് ഉയര്‍ന്ന പന്തലില്‍ അവര്‍ നിശ്ചേതനം കിടന്നു. ഒരേ െബഞ്ചിലിരുന്ന് പഠിച്ചവര്‍, ഒന്നിച്ച് ഓടിക്കളിച്ചവര്‍ അടുത്തടുത്ത്...

വടക്കഞ്ചേരി അപകടം ജീവന്‍ കവര്‍ന്ന കുരുന്നുകള്‍ക്ക് അന്ത്യയാത്ര നേരാന്‍ മുളന്തുരുത്തിയൊന്നാകെ ഈറന്‍ കണ്ണുകളോടെ കാത്തുനിന്നു. സെയ്ന്റ് തോമസ് ദയറയ്ക്ക് സമീപത്തെ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലേക്ക് പൊതുദര്‍ശനത്തിനായി ഉച്ചയോടെ നാടുമുഴുവന്‍ ഒഴുകിയെത്തിക്കൊണ്ടിരുന്നു.

മുളന്തുരുത്തിയില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ കടകളെല്ലാം അടച്ചു. കുട്ടികളുടെ പുഞ്ചിരിക്കുന്ന മുഖമുള്ള ഫ്‌ലക്‌സുകളും കറുപ്പുകൊടിയുമുള്ള കവലകള്‍ കടന്ന് രണ്ടരയോടെ ഒന്നിനു പിറകെ മറ്റൊന്നായി ആംബുലന്‍സുകള്‍ എത്തിയപ്പോള്‍ കരള്‍ പിളരുന്ന നിലവിളികള്‍ ഉയര്‍ന്നു. മൂടിപ്പൊതിഞ്ഞ ശരീരങ്ങളില്‍ മുഖം മാത്രമായിരുന്നു പലര്‍ക്കും പരിക്കില്ലാതെ ഉണ്ടായിരുന്നത്.

സ്‌കൂള്‍ മുറ്റത്തെ ജനങ്ങളുടെ നിര റോഡിലേക്ക് നീണ്ടു. വാഹനങ്ങളുടെ തിരക്കായതോടെ ഗതാഗതം സ്തംഭിച്ചു. ബന്ധുക്കളും സഹപാഠികളും രക്ഷാകര്‍ത്താക്കളുമടക്കമുള്ളവര്‍ ഒരു നോക്ക് അവസാനമായി കാണാന്‍ കാത്തുനിന്നു. ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാനെത്തിയവരുടെ തിരക്ക് കഴിഞ്ഞിരുന്നില്ല. ഒടുവില്‍, അന്ത്യകര്‍മങ്ങള്‍ നടത്താന്‍ വൈകുമെന്നതിനാല്‍ പൊതു ദര്‍ശനം അവസാനിപ്പിക്കുകയായിരുന്നു.

അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്, സഭാ കോര്‍പ്പറേറ്റ് മാനേജര്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍.

ബസപകടം: അഞ്ചുപേരുടെ സംസ്‌കാരം നടന്നു
മുളന്തുരുത്തി: വടക്കാഞ്ചേരി ബസപകടത്തില്‍ മരിച്ച ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ കായികാധ്യാപകന്റെയും അഞ്ച് വിദ്യാര്‍ഥികളില്‍ നാലുപേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

കായികാധ്യാപകന്‍ ഇഞ്ചിമല വട്ടാത്തറയില്‍ വി.കെ. വിഷ്ണുവിന്റെയും പൈങ്ങാരപ്പിള്ളി രശ്മിനിലയത്തില്‍ ദിയ രാജേഷിന്റെയും മൃതദേഹങ്ങള്‍ പെരുമ്പിള്ളി സ്വര്‍ഗീയം ശ്മശാനത്തില്‍ വ്യാഴാഴ്ച വൈകീട്ടോടെ സംസ്‌കരിച്ചു. പൈങ്ങാരപ്പിള്ളി പോട്ടയില്‍ പി.സി. തോമസിന്റെ മകന്‍ ക്രിസ് വിന്റര്‍ ബോണ്‍ തോമസിന്റെ മൃതദേഹം തുരുത്തിക്കര മാര്‍ ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിലും ആരക്കുന്നം ചിറ്റേത്ത് സി.എം. സന്തോഷിന്റെ മകന്‍ എമ്മാനുവല്‍ സി.എസിന്റെ മൃതദേഹം ആരക്കുന്നം സെയ്ന്റ് ജോര്‍ജ് വലിയ പള്ളി സെമിത്തേരിയിലും ഉദയംപേരൂര്‍ വലിയകുളം അഞ്ജനത്തില്‍ അഞ്ജന അജിത്തിന്റെ മൃതദേഹം തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിലുമാണ് സംസ്‌കരിച്ചത്.

ചെമ്മനാട് വിമ്പിളിമറ്റത്തില്‍ ജോസ് ജോസഫിന്റെ മൃതദേഹം വെള്ളിയാഴ്ച രണ്ടിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം മൂന്നിന് കണ്യാട്ട്നിരപ്പ് സെയ്ന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.

സ്റ്റഡി ടൂര്‍ ആര്‍.ടി.ഒ. അറിഞ്ഞില്ല

കൊച്ചി: സ്റ്റഡി ടൂറിനെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ വിവരം നല്‍കിയിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. പഠന യാത്രകളെക്കുറിച്ചും വിനോദ യാത്രകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഇത്തരത്തിലൊരു അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

ബസിന് ഫിറ്റ്നസുണ്ടോ, നിയമവിരുദ്ധമായ കൂട്ടിച്ചേര്‍ക്കലുകളുണ്ടോ തുടങ്ങിയവ പരിശോധിക്കുന്നതിനാണ് മുന്‍കൂട്ടി അറിയിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. സ്‌കൂളില്‍ നിന്ന് യാത്രയെക്കുറിച്ച് അറിയിക്കാതിരുന്നതുമൂലം അത്തരത്തിലുള്ള പരിശോധനകളൊന്നും നടന്നില്ലെന്ന് തൃപ്പൂണിത്തുറ ജോയിന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.പി. യൂസഫ് പറഞ്ഞു.

സ്‌കൂളുകളില്‍നിന്നും കോളേജുകളില്‍നിന്നുമുള്ള യാത്രകള്‍ക്കു മുന്‍പ് അതത് ആര്‍.ടി. ഓഫീസുകളുമായി ബന്ധപ്പെടണമെന്ന നിര്‍ദേശം നല്‍കിയിരുന്നു.

ഇത്തരം വിവരങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാത്രയ്ക്ക് ഏഴു ദിവസം മുന്‍പെങ്കിലും അറിയിക്കുന്നതാണ് ഗുണകരം. ഈ സംഭവത്തില്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനം തൃപ്പൂണിത്തുറ മേഖലയിലാണെങ്കിലും യാത്രയ്ക്ക് ഉപയോഗിച്ച വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കോട്ടയത്താണ്. അവിടെ പോയി വാഹനം പരിശോധിക്കാന്‍ തൃപ്പൂണിത്തുറയിലെ ഉദ്യോഗസ്ഥര്‍ക്കാകില്ല. ഇത്തരം സാഹചര്യങ്ങളില്‍ കോട്ടയത്തെ ആര്‍.ടി. ഓഫീസിലേക്ക് അറിയിക്കുകയാണ് ചെയ്യുക. അവിടത്തെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. അത് സ്‌കൂള്‍ അധികൃതരെ അറിയിക്കും. ഇവിടെത്തന്നെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളാണെങ്കില്‍ രണ്ടുദിവസം മുന്‍പ് അറിയിച്ചാലും പരിശോധനകള്‍ പൂര്‍ത്തിയാക്കാനാകും.

പഠനയാത്രയ്ക്കും വിനോദയാത്രയ്ക്കും മുന്‍പ് വളരെ കുറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണ് ആര്‍.ടി. ഓഫീസുമായി ബന്ധപ്പെടുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളില്‍നിന്നു മാത്രമാണ് ഇത്തരം അപേക്ഷ ലഭിച്ചിരിക്കുന്നതെന്ന് ആര്‍.ടി. ഓഫീസ് അധികൃതര്‍ പറഞ്ഞു.

Content Highlights: Vadakkancherry bus accident school leader abel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented