ഇനിയില്ല, ആറ്റുനോറ്റുണ്ടായ കുട്ടു... 


'ഹൃദയങ്ങളില്‍ കുളിരുപകര്‍ന്ന് പിറവിയെടുത്ത കുഞ്ഞിന് അവര്‍ ക്രിസ് വിന്റര്‍ ബോണ്‍ തോമസ് എന്നു പേരിട്ടു'

ക്രിസ് വിന്റർ ബോൺ തോമസിന്റെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ അമ്മ മേരിയുടെ വിലാപം

മുളന്തുരുത്തി: തുരുത്തിക്കര ചാലിമല പോട്ടയില്‍ മേരിയുടെയും തോമസിന്റെയും 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന മകനാണ് ക്രിസ് വിന്റര്‍ ബോണ്‍ തോമസ്. നിരന്തര പ്രാര്‍ഥനകള്‍ക്കും ചികിത്സകള്‍ക്കുമൊടുവിലാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട കുട്ടുവായി ക്രിസ് ജനിച്ചത്. ഹൃദയങ്ങളില്‍ കുളിരുപകര്‍ന്ന് പിറവിയെടുത്ത കുഞ്ഞിന് അവര്‍ ക്രിസ് വിന്റര്‍ ബോണ്‍ തോമസ് എന്നു പേരിട്ടു.

സാധാരണക്കാരായിരുന്നിട്ടും കുട്ടുവിന്റെ ഇഷ്ടങ്ങളെല്ലാം സാധിച്ചുകൊടുത്താണ് വളര്‍ത്തിയത്. പത്താം ക്ലാസിലെത്തിയ കുട്ടു വിനോദയാത്രയ്ക്കു പോകണമെന്ന ആഗ്രഹം വീട്ടില്‍ പറഞ്ഞപ്പോള്‍ തന്നെ സമ്മതം നല്‍കി.ഊട്ടിയിലേക്കു പോകുന്നതിനായി പുത്തനുടുപ്പും സ്വെറ്ററുമൊക്കെ തയ്യാറാക്കി ബുധനാഴ്ച രാവിലെ തന്നെ ക്രിസിനൊപ്പം മാതാപിതാക്കളും സ്‌കൂളിലെത്തി. മൂന്നു ദിവസത്തേക്ക് മകനെ വേര്‍പിരിയുന്ന വേദനയിലായിരുന്നു അവര്‍. വൈകി വന്ന ടൂറിസ്റ്റ് ബസില്‍ ക്രിസും കൂട്ടുകാരും യാത്രയായതോടെ അവന്‍ തിരിച്ചുവരുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലായി അവര്‍. എന്നാല്‍ നിശ്ചല ശരീരമായി, പറഞ്ഞതിലും നേരത്തേ മകന്‍ മടങ്ങി എത്തിയപ്പോള്‍ സങ്കടക്കടലില്‍ ആണ്ടുപോയ അവസ്ഥയിലാണവര്‍. ഇപ്പോഴും മകന്റെ വേര്‍പാടെന്ന സത്യം മനസ്സുകൊണ്ട് അംഗീകരിക്കാനാകാതെ മരവിച്ച അവസ്ഥയിലാണ് മേരിയും തോമസും.

'അഞ്ജന 'ത്തില്‍ ഇനി അഞ്ജനയുടെ കളിചിരികളില്ല...

അഞ്ജനയുടെ മൃതദേഹം ഉദയംപേരൂരിലെ
വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിക്കരയുന്ന അമ്മ ആശ

ഉദയംപേരൂര്‍: 'അഞ്ജനം' വീട്ടില്‍നിന്ന് സ്‌കൂളിലെ അധ്യാപിക കൂടിയായ അമ്മയോടൊപ്പം ബുധനാഴ്ച വളരെ സന്തോഷത്തോടെയാണ് അഞ്ജന ഊട്ടിയിലേക്കുള്ള ഉല്ലാസയാത്രയ്ക്കായി പോയത്. എന്നാല്‍ വ്യാഴാഴ്ച വീട്ടിലെത്തിയത് അഞ്ജനയുടെ ചേതനയറ്റ ശരീരം. ഇതോടെ ഉദയംപേരൂര്‍ വലിയകുളം സൊസൈറ്റിക്കു സമീപമുള്ള 'അഞ്ജനം' വീട് സങ്കടക്കടലായി. തനിക്കൊപ്പം ഉല്ലാസയാത്രയ്ക്ക് വന്ന മകളുടെ ചേതനയറ്റ ശരീരം കണ്ട് ആശ 'എന്റെ പൊന്നുമോളേ...' എന്നുപറഞ്ഞ് നിലത്തുവീണു കിടന്നുകരയുമ്പോള്‍ ചുറ്റും നിന്നവരുടെയും കണ്ണുകള്‍ നിറഞ്ഞു.

അഞ്ജനയുടെ ഇളയ സഹോദരി കല്യാണിയെയും കൂട്ടി അച്ഛന്‍ അജിത്ത് മൃതദേഹത്തിനടുത്തെത്തി വിങ്ങിപ്പൊട്ടി.

ബസേലിയോസ് വിദ്യാനികേതനിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അഞ്ജന. ട്രാക്കോ കേബിള്‍ കമ്പനി ജീവനക്കാരനാണ് അച്ഛന്‍ എ.വി. അജിത്ത്. ബസപകടത്തില്‍ ആശയ്ക്ക് പരിക്കുണ്ട്. ആശുപത്രിക്കിടക്കയിലും മകളെക്കുറിച്ചാണ് ആശ അന്വേഷിച്ചിരുന്നത്. ആദ്യം ആരും അഞ്ജനയുടെ വിയോഗ വിവരം അമ്മയെ അറിയിച്ചിരുന്നില്ല.

വിവരമറിഞ്ഞ് അജിത്ത്, ഇളയ മകള്‍ കല്യാണിയെ ബന്ധുവീട്ടിലാക്കിയ ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ തൃശ്ശൂരിലേക്കു പോയി. അവിടെയെത്തിയപ്പോഴാണ് മകളുടെ മരണ വിവരം അറിഞ്ഞത്. പിന്നീട്, അപകടത്തില്‍ പരിക്കേറ്റ ആശയെയും കൂട്ടി ഉച്ചയ്ക്ക് ഉദയംപേരൂരിലെ വീട്ടിലെത്തുകയായിരുന്നു. വൈകീട്ട് ആംബുലന്‍സില്‍ അഞ്ജനയുടെ മൃതദേഹമെത്തിച്ചപ്പോള്‍ വീടും പരിസരവും നിറയെ ആളുകളായിരുന്നു. കെ. ബാബു എം.എല്‍.എ., മുന്‍ എം.എല്‍.എ. എം. സ്വരാജ് തുടങ്ങിയവര്‍ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. അഞ്ജനയുടെ മൃതദേഹം തൃപ്പൂണിത്തുറ നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

അഞ്ജനയുടെ മൃതദേഹം ഉദയംപേരൂരിലെ വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിക്കരയുന്ന അമ്മ ആശ

കുട്ടികള്‍ക്കൊപ്പം ആടിപ്പാടി, ഒടുവില്‍ വിഷ്ണു മരണത്തിലേക്ക്....

അപകടത്തില്‍ മരിച്ച കായികാധ്യാപകന്‍
വിഷ്ണുവിന്റെ മൃതദേഹം എറണാകുളം
ഇഞ്ചിമലയിലുള്ള വീട്ടില്‍ കൊണ്ടുവന്നപ്പോള്‍

കൊച്ചി: വൈകിയാണ് പുറപ്പെട്ടതെങ്കിലും ആഘോഷത്തോടെയാണ് വിനോദയാത്ര തുടങ്ങിയത്. കുട്ടികള്‍ക്കൊപ്പം ആടിപ്പാടി കായികാധ്യാപകന്‍ വി.കെ. വിഷ്ണു (33) യാത്രയില്‍ ഉല്ലാസം നിറച്ചു.

രാത്രി ഭക്ഷണശേഷം 'പാപ്പന്‍' സിനിമയും െവച്ച് കുട്ടികളോടൊത്ത് സംസാരിച്ചിരിക്കുകയായിരുന്നു വിഷ്ണു. ചിലര്‍ ഉറങ്ങിത്തുടങ്ങി. ഇതിനിടെയാണ് വണ്ടിക്ക് വേഗമേറിയത്. കുട്ടികളോട് ഇതിനെ കുറിച്ച് സംസാരിച്ച ശേഷം വേഗം കുറയ്ക്കാന്‍ ഡ്രൈവറോട് പറയാനാണ് വിഷ്ണു മുന്നോട്ടുപോയത്. ഡ്രൈവറുടെ അടുത്തെത്തി സംസാരിക്കും മുമ്പേ വണ്ടി അപകടത്തില്‍പ്പെട്ടു. മറിഞ്ഞ വണ്ടിക്കടിയില്‍ പെട്ട് വിഷ്ണുവിന്റെ ജീവനും പൊലിഞ്ഞു. പ്രിയപ്പെട്ട അധ്യാപകന്റെ വേര്‍പാട് താങ്ങാനാകാതെയാണ് ഒരുപറ്റം കുട്ടികള്‍ സ്‌കൂളിലെത്തിയത്.

മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറയില്‍ കുട്ടപ്പന്റെ മകന്‍ വിഷ്ണു നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരുപോലെ പ്രിയങ്കരനാണ്. നാട്ടിലെ എല്ലാ ക്ലബ്ബിന്റെയും കായിക മത്സരങ്ങളിലും പങ്കെടുക്കുന്നവന്‍. ക്രിക്കറ്റിനെ നെഞ്ചോടു ചേര്‍ക്കുന്നവന്‍. ഫിസിക്കല്‍ ട്രെയിനിങ് കോഴ്സ് തിരുവനന്തപുരത്തുനിന്ന് പഠിച്ചാണ് കായികാധ്യാപകനായത്.

നാല് വര്‍ഷം മുമ്പാണ് വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായി എത്തിയത്. പെട്ടെന്നുതന്നെ കുട്ടികള്‍ക്ക് പ്രിയങ്കരനായി. വിഷ്ണുവിനു കീഴില്‍ ആ വര്‍ഷം ഫുട്ബോളില്‍ സ്‌കൂള്‍ കിരീടം നേടി. പിന്നീട് സ്‌കൂളില്‍നിന്ന് കുറെ നാള്‍ വിട്ടുനില്‍ക്കേണ്ടി വന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ മാസമാണ് വിഷ്ണു സ്‌കൂളില്‍ തിരികെ ജോലിക്കെത്തിയത്.

അമ്മ ശാന്തയും രണ്ടാനച്ഛന്‍ ജോസുമാണ് ഇഞ്ചിമലയിലെ വീട്ടിലുള്ളത്. സ്‌കൂളില്ലാത്ത സമയങ്ങളില്‍ വിഷ്ണു കൂലിപ്പണിക്കും കൃഷിക്കുമെല്ലാം ഇറങ്ങും. കോലഞ്ചേരി ഊരമനയില്‍ ഭാര്യ ശീതളിനും ഒന്നര വയസ്സുള്ള മകള്‍ നയാമികയ്ക്കുമൊപ്പമായിരുന്നു താമസം.

അപകടത്തില്‍ മരിച്ച കായികാധ്യാപകന്‍ വിഷ്ണുവിന്റെ മൃതദേഹം എറണാകുളം ഇഞ്ചിമലയിലുള്ള വീട്ടില്‍ കൊണ്ടുവന്നപ്പോള്‍

വിളി വന്നില്ല, എത്തിയത് വിയോഗ വാര്‍ത്ത....

കോലഞ്ചേരി: വ്യാഴാഴ്ച രാവിലെ ഊട്ടിയിലെത്തി എന്ന എല്‍നയുടെ ഫോണും കാത്തിരുന്ന വീട്ടിലേക്കെത്തിയത് ദുരന്തവാര്‍ത്തയായിരുന്നു. എല്‍നയുടെ മരണവാര്‍ത്ത രാവിലെ അറിഞ്ഞപ്പോള്‍ തന്നെ നാട് നിശ്ശബ്ദമായി. നാലരയോടെ ചെമ്മനാട്ടുള്ള വെമ്പിള്ളിമറ്റത്തില്‍ വീട്ടിലേക്ക് മൃതദേഹം എത്തിയതോടെ നൂറുകണക്കിനാളുകളാണ് കണ്ണീരോടെ എല്‍നയെ അവസാനമായി കാണാനെത്തിയത്.

തിരുവാണിയൂര്‍ ചെമ്മനാട് വെമ്പിള്ളിമറ്റത്തില്‍ വീട്ടിലേക്ക് മൃതദേഹം എത്തിച്ചപ്പോള്‍.

മൃതദേഹം കൊണ്ടുവരുന്നതിനു മുമ്പുതന്നെ പി.വി. ശ്രീനിജിന്‍ എം.എല്‍.എ., വനിതാ കമ്മിഷന്‍ അംഗം ഷിജി ശിവജി, പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. പ്രകാശന്‍ എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ വീട്ടില്‍ എത്തിയിരുന്നു. എപ്പോഴും ചുണ്ടില്‍ ചിരിയോടെ മാത്രമാണ് അവളെ കണ്ടിട്ടുള്ളത്. നന്നായി പഠിക്കും, നന്നായി പാടും. എല്ലാവരോടും സ്നേഹപൂര്‍വം പെരുമാറും...... എല്‍നയെക്കുറിച്ച് സങ്കടത്തോടെ നാട്ടുകാര്‍ പറഞ്ഞു. സണ്‍ഡേ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ചു വിജയിച്ച് ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ ശേഷമായിരുന്നു വിനോദയാത്ര. ബുധനാഴ്ച വൈകീട്ട് എല്‍നയെ വിനോദ യാത്രയ്ക്ക് സ്‌കൂളില്‍ എത്തിച്ചത് സഹോദരി എയ്ഞ്ചലീനയും പിതാവ് ജോസും ചേര്‍ന്നാണ്. രാത്രി 11-നാണ് എല്‍ന അവസാനം വീട്ടിലേക്ക് വിളിച്ചത്. ഇനി രാവിലെ വിളിക്കാമെന്നു പറഞ്ഞാണ് ഫോണ്‍ െവച്ചത്. എന്നാല്‍ രാത്രിതന്നെ ദുരന്തവാര്‍ത്ത എത്തി. എല്‍നയുടെ ബന്ധുവും സഹപാഠിയുമായ എലിസബത്തിന് അപകടത്തില്‍ പരിക്കുണ്ട്.

കൈക്ക് പൊട്ടലും നടുവിന് ഗുരുതര പരിക്കുമുള്ള എലിസബത്തിനെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. എല്‍നയുടെ മൃതദേഹം വെള്ളിയാഴ്ച രണ്ടിന് വീട്ടിലെ ശുശ്രൂഷകള്‍ക്കു ശേഷം മൂന്നു മണിക്ക് കണ്യാട്ടുനിരപ്പ് സെയ്ന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കരിക്കും.

Content Highlights: Vadakkancherry bus accident Palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented