വന്ദേഭാരത് എക്‌സ്പ്രസ്, കെ. മുരളീധരൻ | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസിന് എല്ലാ ജില്ലയിലും ഒരു സ്റ്റോപ്പ് അനുവദിക്കണമെന്ന് വടകര എം.പി. കെ. മുരളീധരന്‍. എങ്കിലേ സര്‍വീസുകൊണ്ട് പ്രയോജനം ഉണ്ടാവുകയുള്ളൂ. തലശ്ശേരിയില്‍ ട്രെയിനിന് സ്‌റ്റോപ്പ് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തുനല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വയനാട്ടുകാര്‍ ആവശ്യപ്പെടുന്ന റെയില്‍വേ ലൈന്‍ ഇതുവരെ അവര്‍ക്ക് ലഭിച്ചിട്ടില്ല. വയനാടിന്റെ അടുത്ത സ്റ്റേഷന്‍ തലശ്ശേരിയാണ്. രാഷ്ട്രീയം നോക്കിയല്ല താന്‍ ഈ ആവശ്യമുന്നയിക്കുന്നത്. വടകര ലോക്‌സഭാ മണ്ഡലത്തില്‍ താന്‍ പുറകില്‍ പോയ നിയമസഭാ മണ്ഡലമാണ് തലശ്ശേരി. ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യമായി വന്ന നഗരമെന്നത് മാത്രമല്ല, കൂര്‍ഗിലേക്ക് ഉള്‍പ്പെടെ പോകാന്‍ എളുപ്പം ഇവിടെ നിന്നാണ്. അതിനാല്‍ വയനാടിന്റെ സ്റ്റോപ്പ് എന്ന നിലയ്ക്ക് തലശ്ശേരിയില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണം. ഒരു മണ്ഡലത്തില്‍ ഒരു സ്‌റ്റോപ്പ് വേണമെന്നല്ല, ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ് വേണമെന്നാണ് തന്റെ ആവശ്യം. വയനാടിന്റെ സ്റ്റോപ്പാണ് തലശ്ശേരിക്ക് താന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'വന്ദേഭാരതില്‍ പോസ്റ്റര്‍ പതിച്ച രീതി ശരിയായില്ല. ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിച്ച് വൃത്തികേടാക്കുന്നതിനോട് യോജിപ്പുള്ള ആളല്ല ഞാന്‍. പോസ്റ്റര്‍ പതിച്ചതില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പിക്ക് ഉത്തരവാദിത്തമില്ല. അദ്ദേഹം കൂടി മുന്‍കൈ എടുത്തിട്ടാണ് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത്. ട്രയല്‍ റണ്ണിന് അഭിവാദ്യം അര്‍പ്പിച്ചിട്ടുണ്ട്, അപ്പോള്‍ ട്രെയിന്‍ വരുമ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചാല്‍ എന്താണ് കുഴപ്പം? പോസ്റ്റര്‍ ഒട്ടിച്ച പ്രവര്‍ത്തകര്‍ ആരാണെന്ന് കണ്ടാല്‍ പാര്‍ട്ടി തീര്‍ച്ചയായും നടപടി സ്വീകരിക്കും. പോസ്റ്റര്‍ ഒട്ടിക്കേണ്ടിയിരുന്നില്ല, പ്രകടനം നടത്തിയതില്‍ തെറ്റില്ല.', കെ. മുരളീധരന്‍ വ്യക്തമാക്കി.
സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തില്‍ നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ മുന്നില്‍ നല്ലകുട്ടിയായിരുന്നു. സില്‍വര്‍ലൈന്‍ എന്ന വാക്ക് പോലും പറയാന്‍ വായ തുറന്നിട്ടില്ല. കാരണം, പദ്ധതി നടക്കില്ലെന്ന് അദ്ദേഹത്തിനറിയാം.', മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: vadakara mp k muraleedharan urges for vande bharth stop in thalassery one district one stop


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..