കോഴിക്കോട്: 18 വയസിന് മുകളിലുള്ളവര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന് നല്‍കണമെന്നും കേരളത്തിന് ആവശ്യമായ വാക്സിന് ഉടൻ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് എം.വി.ശ്രേയാംസ്കുമാര്‍ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിൻ നൽകാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന സംസ്ഥാനങ്ങള്‍ വാക്സിന് വലിയ വിലകൊടുത്ത് വാങ്ങണമെന്ന് പറയുന്നത് അസ്വീകാര്യമാണെന്നും ശ്രേയാംസ്കുമാര്‍ കത്തില്‍ വ്യക്തമാക്കി.
കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വ്യത്യസ്തമായ വില ഈടാക്കാനുള്ള തീരുമാനം വിപരീത ഫലമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം കടുത്ത വാക്സിന് ക്ഷാമമാണ് നേരിടുന്നത്. 50 ലക്ഷം ഡോസ് വാക്സിന് ആവശ്യമുള്ളിടത്ത് 5.5 ലക്ഷം ഡോസുകള്‍ മാത്രമാണ് ലഭിച്ചത്. ആവശ്യകതയുടെ 11 ശതമാനം മാത്രം. ഇത് വാക്സിനേഷന് പദ്ധതിക്ക് തടസ്സം സൃഷ്ടിക്കുന്നു.
കഴിഞ്ഞ ബജറ്റില്‍ ജനങ്ങളുടെ ആരോഗ്യത്തിനാണ് മുന്‍ഗണനയെന്ന് പറഞ്ഞ് 35000 കോടി രൂപ കോവിഡ് വാക്സിനായി അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപിച്ച് 77 ദിവസത്തിനുള്ളില്‍ നിങ്ങളുടെ സര്‍ക്കാര്‍ ഭരണഘടനാ ബാധ്യത മറന്ന് മലക്കം മറിഞ്ഞത് ആശ്ചര്യകരമാണെന്നും എംപി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വാക്സിന് ഉത്പാദനത്തിന്റെ അളവ് കൂടുമ്പോള്‍ എന്തുകൊണ്ടാണ് വില ഉയരുന്നത് എന്നത് പ്രസക്തായ ചോദ്യമാണ്. അമേരിക്കയിലും യുകെയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും വാക്സിന് ഡോസിന് രണ്ടു ഡോളറിനും നാല് ഡോളറിനും ഇടയിലാണ് വില. ഉത്പാദന ചെലവ് കുറവായിട്ടും അതിനേക്കാള്‍ കൂടുതല്‍ തുക ഇവിടെ ഈടാക്കുന്നത് സങ്കല്പ്പിക്കാന് പ്രയാസമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനങ്ങള്‍ നേരിടുന്ന ഈ ഘട്ടത്തില്‍ കേന്ദ്രത്തിന്റെ വാക്സിന് നയത്തില്‍ പുനഃപരിശോധന നടത്തണമെന്നും ശ്രേയാംസ് കുമാര്‍ എംപി ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..