കൊല്ലം: വാക്‌സിന്‍ ലഭിക്കുന്നതിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നതിനിടെ പ്രതിരോധ കുത്തിവെപ്പെടുക്കാത്ത ആള്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്. കൊല്ലം അഞ്ചല്‍ നെട്ടയം സ്വദേശി ജയനാണ് വാക്സിൻ എടുത്തതായുള്ള സന്ദേശം ലഭിച്ചത്. ഇടമുളക്കല്‍ പഞ്ചായത്തിലെ തടിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിന്‍ സ്വീകരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ സന്ദേശം. 

വാക്‌സിന്‍ സ്വീകരിക്കാനായി ജയന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷേ, ജോലിത്തിരക്കു കാരണം കുത്തിവെപ്പ് കേന്ദ്രത്തില്‍ എത്താനായില്ല. വൈകിട്ടോടെ വീട്ടിലെത്തിയപ്പോഴാണ് ആരോഗ്യവകുപ്പില്‍നിന്നുള്ള സന്ദേശവും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കും ലഭിച്ചത്. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ളതായിരുന്നു സന്ദേശം. ഒപ്പം, നവംബര്‍ 30ന് മുന്‍പ് രണ്ടാം ഡോസ് സ്വീകരിക്കണമെന്ന അറിയിപ്പും.

ഇനി വാക്‌സിനെടുക്കാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ജയന്‍. തന്റെ പേരില്‍ മറ്റാരെങ്കിലും വാക്‌സിന്‍ സ്വീകരിച്ചതാണോ ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതെന്നും ഒന്നാം ഡോസ് എടുക്കാതെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടിവരുമോ എന്നും ജയന്‍ സംശയിക്കുന്നു. 

സാങ്കേതിക തകരാര്‍ മൂലമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. മറ്റൊരു ഫോണില്‍നിന്ന് രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ എടുക്കാമെന്നും അധികൃതര്‍ പറയുന്നു.

Content Highlights: Vaccine certificate issued for a person who has not been vaccinated