മലപ്പുറം: വളാഞ്ചേരി എടയൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന എം.ആര്‍ വാക്‌സിന്‍ ക്യാമ്പ് കഴിഞ്ഞ ദിവസം അക്രമിച്ച് ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മൂന്ന് പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. 

അത്തിപ്പറ്റ കരങ്ങാട് പറമ്പ് മുബഷീര്‍ (23), കരങ്ങാട് പറമ്പ് സഫാന്‍ (20), അത്തിപ്പറ്റ  ചേലക്കാട്ട് വീട്ടില്‍ ഫൈസല്‍ ബാബു (29) എന്നിവരെയാണ് ഇന്ന് രാവിലെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു എടയൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ എം.ആര്‍ ക്യാമ്പ് നടക്കുന്നതിനിടെ ഒരു കൂട്ടം സഘടിച്ചെത്തി അക്രമം അഴിച്ച് വിട്ടത്. അക്രമത്തില്‍ പരിക്കേറ്റ ആരോഗ്യ പ്രവര്‍ത്തക ശ്യാമളാബായ്(45) കുറ്റിപ്പുറം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ പരാതിയിലാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്.

അക്രമം നടത്തിയ ശേഷം ഒളിവില്‍ പോയ ഇവരെ ഇന്ന് രാവിലയോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇനിയും ഒമ്പത് പേരെ കൂടി പിടികൂടാനുണ്ടെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചു.

അനാവശ്യമായ ആരോപണങ്ങളും അപവാദങ്ങളും പറഞ്ഞ് കുത്തിവെപ്പ് തടസ്സപ്പെടുത്തുകയായിരുന്നു സംഘടിച്ചെത്തിയവരുടെ ലക്ഷ്യമെന്ന് മെഡിക്കല്‍ ഓഫീസര്‍ അലി അഹമ്മദ് പറഞ്ഞു.  

എന്നാല്‍ കുത്തിവെപ്പുടുക്കാന്‍ താത്പര്യമില്ലാത്ത രണ്ടു കുട്ടികളും കുത്തിവെപ്പെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നെന്നും ഇതിന്റെ പേരിലാണ് സംഘം പ്രശ്‌നമുണ്ടാക്കിയതെന്നുമാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്‌