ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ പ്രായപൂർത്തിയായ എല്ലാവർക്കും ലഭ്യമാക്കണമെന്ന് കോൺഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ പ്രായക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതിനു പിന്നാലെയാണ് രാഹുല്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

ആഗ്രഹിക്കുന്നവര്‍ക്കല്ല, പകരം അത്യാവശ്യം വേണ്ടവര്‍ക്കാണ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യം വെക്കുന്നതെന്നായിരുന്നു ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. 

"ആവശ്യത്തെയും ആഗ്രഹത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തന്നെ പരിഹാസ്യമാണ്. ഇന്ത്യയിലെ എല്ലാ പൗരന്‍മാരും സുരക്ഷിത ജീവിതം അര്‍ഹിക്കുന്നവരാണ്", എന്നായിരുന്നു ഇതിനോട് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. 

18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് അനുവദിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരും സമാനമായ അഭ്യര്‍ത്ഥനകള്‍ നടത്തി. പിന്നാലെയാണ് സമാന ആവശ്യവുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരിക്കുന്നത്.

content highlights: vaccination should be open to people of all age groups, says Rahul