കൊച്ചി: ഇന്ത്യയില്‍ പ്രതിദിനം ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 57 ശതമാനം മാത്രമാണ് രാജ്യത്തെ ജനങ്ങളിലെത്തുന്നതെന്ന് കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍. രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുകയും വാക്‌സിന്‍ വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പ്രതിദിനം 28.33 ലക്ഷം ഡോസുകള്‍ ആണ് രാജ്യത്ത് വിവിധ കമ്പനികള്‍ ചേര്‍ന്ന് ഉല്‍പാദിപ്പിക്കുന്നത്. എന്നാല്‍ 12-13 ലക്ഷം ഡോസുകള്‍ മാത്രമാണ് പ്രതിദിനം വിതരണം ചെയ്യപ്പെടുന്നതെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. വാക്സിനേഷന്‍ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാക്‌സിന്‍ ഉത്പാദനം സംബന്ധിച്ച കണക്കുകള്‍ നല്‍കിയത്. 

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള വാക്‌സിന്‍ വിതരണം സംബന്ധിച്ച് നിശ്ചിത പദ്ധതി ഇല്ലെന്ന് കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. പ്രതിമാസം ഏകദേശം 8.5 കോടി വാക്‌സിനാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. സെറം ഇസ്റ്റിറ്റ്യൂട്ട് 6.5 കോടി കോവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക് രണ്ട് കോടി കോവാക്‌സിനുമാണ് ഒരു മാസം ഉത്പാദിപ്പിക്കുന്നത്. എന്നാൽ ബാക്കി വാക്സിൻ എന്ത് ചെയ്യുകയാണെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. 

സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും അടുത്ത മാസത്തോടെ ഉത്പാദനത്തില്‍ വര്‍ധന വരുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക്-വിയും ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. നിലവില്‍ പ്രതിമാസം 30 ലക്ഷമാണ് ഉദ്പാദിപ്പിക്കുന്നത്. ഇത് അടുത്ത മാസത്തോടെ 1.2 കോടിയായി ഉയര്‍ത്തും. വാക്‌സിന്റെ വില കര്‍ശനമായി നിയന്ത്രിക്കുന്നത് വിദേശത്തുനിന്നടക്കമുള്ള വാക്‌സിനുകളുടെ ലഭ്യതയെ ബാധിക്കുമെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.

വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ഹൈക്കോടതി ചോദ്യംചെയ്തിരുന്നു. പൗരന്മാര്‍ക്ക് എന്തുകൊണ്ട് വാക്സിന്‍ സൗജന്യമായി നല്‍കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. ഫെഡറലിസം നോക്കേണ്ട സമയമിതല്ലെന്നും കോടതി പറഞ്ഞു. 

34,000 കോടി രൂപയാണ് സൗജന്യ വാക്സിനേഷനായി വിനിയോഗിക്കേണ്ടത്. ആര്‍.ബി.ഐ.യുടെ ഡിവിഡന്റ് കൈയിലിരിക്കേ ഇത് വാക്സിനേഷനായി വിനിയോഗിച്ചുകൂടേയെന്നും ചോദിച്ചു. നയപരമായ പ്രശ്നമാണിതെന്നും ഇക്കാര്യത്തില്‍ മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടു.

Content Highlights: Vaccination 57% Below Production, Shows Centre's Data In Kerala High Court