ഇ.പി. ജയരാജൻ, വി.ടി. ബൽറാം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് നടത്തിയ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതില്‍ പ്രത്യേക താല്പര്യമുണ്ടോ എന്ന് പരിശോധിക്കണമെന്ന ജയരാജന്റെ പ്രസ്താവനയ്ക്കെതിരേയാണ് വി.ടി. ബല്‍റാമിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്.
അതിജീവിതയായ വനിതയെ അധിക്ഷേപിക്കുന്നതാണ് എല്‍ഡിഎഫ് കണ്‍വീനറുടെ പ്രസ്താവന. അത് അവരെ ഡിസ്ക്രഡിറ്റ് ചെയ്യുന്നതും അവര്‍ക്ക് കോടതി വഴി ലഭിക്കേണ്ട നീതിയെ തടസ്സപ്പെടുത്തുന്നതുമാണ്. 'അവള്‍ക്കൊപ്പം', അവള്‍ക്കൊപ്പം എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നവര് ഇപ്പോള്‍ ആര്‍ക്കൊപ്പമാണെന്നും ബല്‍റാം ചോദിക്കുന്നു.
Also Read
ബല്‍റാമിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്:
അതിജീവിതയായ വനിതയെ അധിക്ഷേപിക്കുന്നതാണ് എല്‍ഡിഎഫ് കണ്‍വീനറുടെ ഈ വാക്കുകള്‍. തനിക്ക് നീതി നല്‍കുന്നതിന് പകരം പ്രതികള്‍ക്കനുകൂലമായി ഇവിടത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും കീഴ്ക്കോടതികളും ഒത്തുകളിക്കുന്നു എന്ന ഗുരുതരമായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് അതിജീവിത നേരിട്ട് പരാതിയുമായി മേല്‍ക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതിന്റെ 'പിന്നില്‍ പ്രത്യേക താത്പര്യമുണ്ടെ'ന്ന് ഉന്നത സിപിഎം നേതാവ് തന്നെ ആരോപിക്കുമ്പോള്‍ അത് ആ സ്ത്രീയെ ഡിസ്ക്രഡിറ്റ് ചെയ്യുന്നതും അവര്‍ക്ക് കോടതി വഴി ലഭിക്കേണ്ട നീതിയെ തടസ്സപ്പെടുത്തുന്നതുമാണ്. അതിക്രൂരമായ ഒരു ക്രൈമിന്റെ ഇരയായ തനിക്ക് ഈ നാട്ടിലെ നിയമസംവിധാനത്തിലൂടെത്തന്നെ നീതി ലഭിക്കണമെന്ന ഏക താത്പര്യമല്ലാതെ മറ്റെന്ത് പ്രത്യേക താത്പര്യമാണ് ഇക്കാര്യത്തില്‍ ആ വനിതക്ക് ഉണ്ടാവാന്‍ സാധ്യതയുള്ളത്?
കേരളത്തിലെ സര്‍ക്കാര്‍ തനിക്കൊപ്പമില്ലെന്ന് അതിജീവിതയായ സ്ത്രീ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ തിരിച്ചറിയുന്നു, അതവര് കൃത്യമായി കോടതി മുമ്പാകെ തുറന്നുപറയുന്നു. ഇനി ചോദ്യം 'അവള്‍ക്കൊപ്പം', അവള്‍ക്കൊപ്പം എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നവരോടാണ്. നിങ്ങള്‍ ഇപ്പോള്‍ ആര്‍ക്കൊപ്പമാണ് ? അതിജീവിതയായ വനിതക്കൊപ്പം തന്നെയാണോ അതോ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരിനൊപ്പമോ?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..