വി. ശിവൻകുട്ടി
തിരുവനന്തപുരം: നിയമസഭയില്‍ ഇങ്ങനെയൊരു പ്രതിഷേധം ഇതുവരെ ഉണ്ടായിട്ടില്ല എന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ പരാമര്‍ശത്തിന് ട്രോള്‍പൂരം. ട്രോളില്‍ സന്തോഷമുണ്ടെന്ന് ശിവന്‍കുട്ടി പ്രതികരിച്ചു. നിയമസഭയില്‍ മുന്‍പ് പ്രതിഷേധം നടത്തിയിട്ടുണ്ട് എന്നുകരുതി തനിക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്ന് ശിവന്‍കുട്ടി ചോദിച്ചു.
നിയമസഭയിലും പാര്‍ലമെന്റിലും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലെ സഭകളിലും എല്ലാവരും പ്രതിഷേധം നടത്തിയിട്ടുണ്ട്. അന്നൊരിക്കല്‍ പ്രതിഷേധിച്ചതിന്റെ അടിസ്ഥാനത്തില്‍ തന്നെ നിയമസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു, തുടര്‍നടപടികള്‍ സ്വീകരിച്ചു. അതവിടെ അവസാനിച്ചു. പക്ഷേ ഇവിടെ കഴിഞ്ഞ രണ്ടാഴ്ചയായി നടന്നത് സ്പീക്കര്‍ക്ക് സഭയെക്കാണാനാവാത്ത വിധം മുഖം മറച്ചുള്ള സമരം, സ്പീക്കര്‍ക്കെതിരായ മുദ്രാവാക്യം വിളി, സമാന്തര നിയമസഭാ യോഗം എന്നിങ്ങനെയുള്ളതാണ്. അത്തരം സംഭവങ്ങള്‍ സഭയില്‍ ഇതുവരെ നടന്നിട്ടില്ല എന്നാണ് താന്‍ പറഞ്ഞതെന്നും ശിവന്‍കുട്ടി. അത് ഈ ട്രോളിടുന്നവര്‍ മനസ്സിലാക്കണ്ടേ എന്നും അദ്ദേഹം ചോദിച്ചു.
മുന്‍പ് ഒരു പ്രതിഷേധത്തില്‍ പങ്കെടുത്തു എന്നുള്ളതുകൊണ്ട് ജനാധിപത്യവിരുദ്ധമായി നടക്കുന്ന ഒരു പ്രതിഷേധത്തിനെതിരെയും പ്രതികരിക്കാന്‍ എനിക്ക് അവകാശമില്ലേ എന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷനേതാവ് എല്ലാ വിഷയങ്ങളും രാഷ്ട്രീയവത്കരിക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്. നിയമസഭയില്‍ പ്രശ്‌നങ്ങളുണ്ടാക്കി നാട്ടില്‍ കലാപമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. രാഷ്ട്രീയം അങ്ങോട്ടും ഇങ്ങോട്ടും പറയുന്ന സംസ്‌കാരമാണ് കേരളത്തിന്റെത്. പക്ഷേ, വീട്ടിലിരിക്കുന്ന കുടുംബാംഗങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുന്നയിച്ച് രാഷ്ട്രീയം പറയുന്ന സംസ്‌കാരം പ്രതിപക്ഷമാണ് കൊണ്ടുവന്നത്. അതിനോട് യോജിക്കാനാവില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
Content Highlights: v sivankutty, legislative assembly, troll
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..