V Sivankutty
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം തമാശയായിരുന്നുവെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
കോവിഡ് സാഹചര്യത്തിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ. ഈ പ്രയാസങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഇടയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും നടത്തിയ കഠിനപ്രയത്‌നത്തിന്റെ ഫലമാണ് എ പ്ലസും മികച്ച വിജയശതമാനവും. എന്നാല്‍ അന്ന് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് എ പ്ലസ് ലഭിച്ച കാര്യമാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ കുറേപേര്‍ ഇതിനെ ആക്ഷേപിക്കുന്ന സാഹചര്യമുണ്ടായി. ഇക്കാര്യം നിയമസഭയില്‍ താന്‍ പറയുകയും, കുട്ടികള്‍ക്ക് ലഭിച്ച അംഗീകാരത്തെ കളിയാക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇതിനുപിന്നാലെ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ചില കേന്ദ്ര സര്‍വകലാശാലയിലെ വക്താക്കള്‍ കേരളത്തിലെ എസ്എസ്എല്‍സി ഫലത്തെ വിമര്‍ശിക്കുന്ന സാഹചര്യമുണ്ടായി. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മാര്‍ക്ക് ഉന്നത പഠന പ്രവേശനത്തിന് അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് നിലപാടെടുത്ത അവര്‍ പ്രത്യേക പ്രവേശന പരീക്ഷ നടത്താനും തീരുമാനമെടുത്തു. ഈ സാഹചര്യങ്ങളെല്ലാം വിശദീകരിച്ച അവസരത്തിലാണ് തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കിട്ടിയത് 125509 കുട്ടികള്‍ക്കാണ്. ഇത് ദേശീയ തലത്തില്‍ വലിയ തമാശയായിരുന്നു. എന്നാല്‍ ഇപ്രാവശ്യം എസ്എസ്എല്‍സിക്ക് 99 ശതമാനം വിജയമാണെങ്കില്‍ പോലും എ പ്ലസിന്റെ കാര്യത്തിലെല്ലാം നിലവാരമുള്ള ഫലമായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി നടത്തിയ വിവാദ പരാമര്‍ശം.
Content Highlights: v sivankutty explanation in sslc exam result remark controversy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..