തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെ പദവി നല്‍കുന്ന വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. എല്‍.ഡി.എഫ് യോഗത്തില്‍ മാത്രമെ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകൂ. വി.എസ്സിന്റെ പദവി സംബന്ധിച്ച ചര്‍ച്ച മന്ത്രിസഭാ യോഗത്തില്‍ നടന്നുവെങ്കിലും തീരുമാനം ഉണ്ടായില്ല.

വിഎസ്സിന് കാബിനറ്റ് റാങ്കോടെ അനുയോജ്യമായ പദവി നല്‍കാന്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍ ധാരണയായിരുന്നു. നിയമവശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഈ തീരുമാനമെടുക്കുക എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേ അറിയിച്ചിരുന്നു.

വിഎസ്സിന് പദവി നല്‍കുമ്പോള്‍ പിണറായി സര്‍ക്കാറില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ പരിഗണിക്കുന്നത്. സര്‍ക്കാരിനു മുകളിലോ മുഖ്യമന്ത്രിക്കു താഴെയോ ആയിരിക്കില്ല വിഎസ്സിന്റെ പദവിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. വി.എസ്സിനോട് ആലോചിച്ച ശേഷമാവും അന്തിമ തീരുമാനമെന്നും സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഇന്ന് തീരുമാനം ഉണ്ടാവുമെന്ന അഭ്യൂഹം പ്രചരിച്ചത്.

സി.പി സുധാകര പ്രസാദ് പുതിയ അഡ്വക്കേറ്റ് ജനറല്‍

തിരുവനന്തപുരം: പുതിയ അഡ്വക്കേറ്റ് ജനറലായി അഡ്വ. സി.പി സുധാകര പ്രസാദിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിലും എ.ജി ആയിരുന്നു അദ്ദേഹം. ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന സുധാകര പ്രസാദിന്റെ നിയമോപദേശം വിമര്‍ശത്തിന് ഇടയാക്കിയിരുന്നു.