വി.എൻ.വാസവൻ | ഫോട്ടോ: മാതൃഭൂമി
കോട്ടയം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടി രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി മന്ത്രി വി.എന്‍ വാസവന്‍. കരുവന്നൂര്‍ ബാങ്ക് ഇതിനോടകം നിക്ഷേപകര്‍ക്ക് 38.75 കോടി രൂപ തിരികെ നല്‍കിയതായും അദ്ദേഹം അവകാശപ്പെട്ടു. ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാല്‍ വിദഗ്ധ ചികിത്സ തേടാന്‍ കഴിയാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നല്‍കി. ജൂണ്‍ 28 ന് ബാങ്കിനെ സമീപിച്ചപ്പോഴാണ് പണം നല്‍കാന്‍ കഴിയാതിരുന്നത്. ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ ബാങ്കില്‍ നടന്ന ക്രമക്കേടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പണം മടക്കി നല്‍കുന്നതിനായി കേരളബാങ്കില്‍നിന്ന് അടിയന്തരമായി 25 കോടി ഓവര്‍ഡ്രാഫ്റ്റ് എടുക്കും. 10 കോടി റിസ്‌ക് ഫണ്ടായും ലഭ്യമാക്കും. സഹകരണമേഖലയെ തകര്‍ക്കാന്‍ ആസൂത്രിതമായ നടക്കുന്നതായും മന്ത്രി പറഞ്ഞു. ഓഡിറ്റ് ഡയറക്ടറേറ്റ് പുനഃസംഘടിപ്പിച്ചതായും സഹകരണമേഖലയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി സമഗ്രമായ നിയമഭേദഗതി വരുത്തുമെന്നും അതിന്റെ കരട് തയ്യാറായതായും അടുത്ത നിയമസഭാ സമ്മേളനത്തില്‍ അത് പാസാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ 164 സഹകരണ സംഘങ്ങള്‍ സാമ്പത്തിക ബാധ്യതയിലാണെന്ന വാര്‍ത്ത തെറ്റിധാരണാജനകമാണ്. 132 മിസ്സെലേനിയസ് സഹകരണ സംഘങ്ങളില്‍ മാത്രമാണ് പ്രശ്നം. ഇവയില്‍ പലതും സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കുകളല്ലെന്നും സംസ്ഥാനത്ത് സര്‍വീസ് കോഓപറേറ്റീവ് ബാങ്കുകളുടെ എണ്ണം വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
11000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് വിഴുങ്ങിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിട്ട് വ്യാഴാഴ്ച ഒരു വര്‍ഷം തികയുകയാണ്. ഇനിയും കുറ്റപത്രം നല്‍കാനായിട്ടില്ല. കേസിലെ സങ്കീര്‍ണതകളാണ് കാരണം. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.
Content Highlights: V N Vasavan, Service Co Operative Banks, karuvannur bank, Malayalam News
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..