തിരുവനന്തപുരം: ഇരവാദം ഉയര്‍ത്തി സഹതാപം പിടിച്ചുപറ്റനുള്ള സര്‍ക്കാരിന്റെ ശ്രമം കോടതി പരിപൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകളും അന്വേഷണവും ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും സ്വര്‍ണക്കള്ളക്കടത്തും ഉള്‍പ്പെടെ നടത്തുകയും അതിന് കൂട്ടുനില്‍ക്കുകയും ചെയ്ത ശേഷം അന്വേഷണം നടക്കുമ്പോള്‍ അത് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യാഖ്യാനിച്ചുകൊണ്ട് ഇരവാദം ഉയര്‍ത്തി സഹതാപം പിടിച്ചുപറ്റനുള്ള ശ്രമം കോടതി പരിപൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. 

സിപിഎമ്മും പിണറായി വിജയനും ഇതില്‍ നിന്നെങ്കിലും പാഠം ഉള്‍ക്കൊള്ളണം. സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ പേരിലാണെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരിലാണെങ്കിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രിയുടെ പ്രസ്താവന കാര്യങ്ങള്‍ മനസിലാക്കാതെയാണെന്ന ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ അര്‍ത്ഥം മന്ത്രി ഐ.സി.എം.ആറിന്റെ ഗൈഡ് ലൈന്‍സ് വായിച്ചിട്ടില്ലെന്നാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് നാലാം തീയതി തന്നെ രോഗബാധയുണ്ടെന്ന് കാര്യം ആരോഗ്യ മന്ത്രി മനസിലാക്കിയിട്ടില്ല. 

ടെസ്റ്റ് നടത്തിയ ശേഷം തിരിച്ചുപോകുന്ന ആളുടെ കൂടെ പോസിറ്റീവായ ആളും കയറിപ്പോകുന്നത് ആരോഗ്യ മന്ത്രിക്ക് അറിയാഞ്ഞിട്ടാണെങ്കില്‍ ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ലെന്നാണ് അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്ത ആരോഗ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലാത്ത ആളാണെന്ന് അവര്‍ സ്വയം തെളിയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: V. Muraleedharan  welcomes HC order on ED case