തിരുവനന്തപുരം:  പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതിയില്‍ വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത്‌ 34 ലക്ഷം രൂപയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഡല്‍ഹിയില്‍ നിന്ന് വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകരെ ഇറക്കിയാണ് ചെറുപ്പക്കാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മുകാര്‍ പ്രതിയായ അന്വേഷണത്തിന് തടസമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

"പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം തടയാന്‍ സുപ്രീം കോടതിവരെ പോയിരിക്കുകയാണ്. ഹൈക്കോടതിയില്‍ അഭിഭാഷകന് ഹാജരാകാന്‍ ഒരുതവണ കൊടുത്തത് 25 ലക്ഷമാണ്. ഏറ്റവുമൊടുവില്‍ ലൈഫ് മിഷനിലെ അഴിമതിക്കെതിരായ വിഷയത്തില്‍ സിപിഎം പ്രതിരോധത്തിലായതാണ് ഇപ്പോഴത്തെ തീരുമാനത്തിന് പ്രേരണ ആയതും.

യൂണിടാക്കിലെ ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞാണ് സിബിഐ പ്രതിചേര്‍ത്തിരിക്കുന്നത്. ലൈഫ് മിഷന്റെ ഒരു ഉദ്യോഗസ്ഥനെയും പ്രതി ചേര്‍ത്തിട്ടില്ല. എന്നാല്‍ അതിലും എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കോടതിയില്‍ പോയത്".  

സിബിഐ രാഷ്ട്രീയ പ്രേരിതമായാണ് അന്വേഷിക്കുന്നതെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ബോധ്യമാകില്ല. സിപിഎം നടത്തിയ തീവെട്ടിക്കൊള്ളകള്‍ ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിച്ചാല്‍ പുറത്തുവരും. അതാണ് സിബിഐ വിരോധത്തിന് കാരണമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

"ബംഗാളിലെ ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ 2014 ല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സീതാറാം യെച്ചൂരിയും ബുദ്ധദേവ് ഭട്ടാചാര്യയുമാണ്. ആന്ധ്രാപ്രദേശിലെ അമരാവതി ഭൂമിയിടപാട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് അവിടുത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയാണ്.

2019ലെ പൊള്ളാച്ചി പീഡനക്കേസിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സിപിഎം പോളിറ്റ്ബ്യോറോ അംഗം ജി. രാമകൃഷ്ണനാണ്. 2014 ല്‍ സ്വാമി അസീമാനന്ദയ്ക്കെതിരായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സിപിഎം നേതാവായ ബസുദേവ് ആചാര്യ ആണ്", മുരളീധരൻ പറഞ്ഞു.

രാജ്യത്ത് മതവൈരവും തീവ്രവാദവും വളര്‍ത്തുന്നതില്‍ പങ്കുള്ള ജമാഅത്തെ ഇസ്ലാമിയുമായുള്ള രഹസ്യ ബാന്ധവം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. "രാഹുല്‍ ഗാന്ധി വന്ന് കേരളം സന്ദര്‍ശിച്ച് പോയതിന് പിന്നാലെയാണ് ഈ ചര്‍ച്ചകള്‍ നടന്നത്. ഭീകരാവാദ സംഘടനകളുമായി ബന്ധമുണ്ടാക്കുക എന്നത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നയമാണോയെന്ന്  കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം".

കുമ്മനം രാജശേഖരനെ കള്ളക്കേസില്‍ കുടുക്കി താറടിക്കാനുള്ള ശ്രമം അതിന്റെ തുടക്കത്തില്‍ തന്നെ പാളിപ്പോയെന്നും കുമ്മനം രാജശേഖരനെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

അഴിമതി ആരോപണം തൊട്ടുതീണ്ടിയിട്ടില്ലാത്ത അദ്ദേഹത്തിനെ പ്രതിയാക്കി കേസില്‍പെടുത്തുക എന്നത് ആരുടെ തീരുമാനമാണ്. അദ്ദേഹം വെട്ടിപ്പ് നടത്തിയതായി ആരോപണം ഉന്നയിച്ച ആളുപോലും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും വി. മുരളീധരന്‍ പറഞ്ഞു.

content highlights: V Muraleedharan speak against kerala Government on Periya Murder case expense