പിണറായി വിജയൻ, വി. മുരളീധരൻ | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തില്‍ മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. കേരളം മാത്രമേ ദേശീയപാതാ വികസനത്തില്‍ 25 ശതമാനം പദ്ധതി ചെലവ് വഹിക്കുന്നുള്ളൂ എന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്ന് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകം പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കലിന്റെ 30 ശതമാനവും റിങ് റോഡുകള്‍ക്കും ബേപ്പാസുകള്‍ക്കുമുള്ള ഭൂമി ഏറ്റെടുക്കലിന് 50 ശതമാനവും തുക ചെലവഴിക്കുന്നു. തമിഴ്‌നാട്ടില്‍ നാല് എലിവേറ്റഡ് ഹൈവേകളുടെ ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി ചെലവാകുന്ന 470 കോടിയില്‍ പകുതി വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. പഞ്ചാബിലും 50 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിച്ചു. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, തെലങ്കാന, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലും അമ്പത് ശതമാനം വരെ തുക സംസ്ഥാന സര്‍ക്കാരുകള്‍ ചെലവ് വഹിക്കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ബിഹാര്‍ നൂറ് ശതമാനം തുക ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഏറ്റെടുക്കലിനാണ് കേരളം 25 ശതമാനം തുക വഹിക്കുന്നത്. അല്ലാതെ പാത നിർമാണത്തിനല്ല. ദേശീയ പാതാ നിര്‍മാണത്തിന്റെ ചെലവ് പൂര്‍ണമായും ദേശീയ പാത അതോറിറ്റിയാണ് വഹിക്കുന്നത്. ദേശീയ പാത നിര്‍മിക്കുന്നത് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണെന്ന് പ്രചാരണം നടക്കുന്നുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു. കേരളത്തിന്റെ വികസനത്തിന് മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സഹായം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ദേശീയപാതയുടെ ഭൂമിയേറ്റെടുക്കലിന് വേണ്ടിവരുന്ന തുകയുടെ 25 ശതമാനം വഹിക്കാനാകാത്ത സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ കേരളത്തില്‍ അങ്ങോളമിങ്ങോളം വരുന്ന സില്‍വര്‍ലൈന്‍ നിര്‍മിക്കുമെന്നും മുരളീധരന്‍ ചോദിച്ചു. അറുപതിനായിരം കോടിക്ക് സില്‍വര്‍ലൈന്‍ നിര്‍മിക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം സംബന്ധിച്ച് ചോദ്യം ഉയരുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
Content Highlights: v muraleedharan responds on cm's comment related to NH expansion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..