കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുറയണമെന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കട്ടേയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. 

ക്രൂഡ് ഓയില്‍ വില, ട്രാന്‍പോര്‍ട്ടേഷന്‍ ചെലവ്, പ്രോസസിങ് ചെലവ്, രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകള്‍ എന്നിവയ്ക്കു പുറമേ നികുതി ഇവയെല്ലാമാണ് ഇന്ധനവില നിശ്ചയിക്കുന്നത്. ആകെ വിലയുടെ പകുതിയിലധികം നികുതിയാണ്.  ആ നികുതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്നത് ജനങ്ങള്‍ക്ക് പല ആനുകൂല്യങ്ങളായി നല്‍കുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ അങ്ങനെ ജനങ്ങള്‍ക്ക് വില കുറച്ച് ഇന്ധനം കൊടുക്കണമെന്നുണ്ടെങ്കില്‍ നികുതി കുറച്ച് നല്‍കിയാല്‍ മതി. എന്നാല്‍ നികുതി കുറയ്ക്കുന്ന പ്രശ്‌നമേ ഇല്ലെന്നാണ് തോമസ് ഐസക് പറയുന്നത്. എന്നാല്‍ കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ല, പലഘട്ടങ്ങളിലായി കേന്ദ്രം ഇന്ധനനികുതി കുറച്ചിട്ടുണ്ടെന്നും വി മുരളീധരന്‍ പ്രതികരിച്ചു. 

കേരളത്തില്‍ പെട്രോള്‍ വില റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. ബുധനാഴ്ച കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 25 പൈസ വര്‍ധിച്ച് 86.46 രൂപയിലെത്തി. ഡീസലിന് 27 പൈസ വര്‍ധിച്ച് 80.67 രൂപയായി. ചൊവ്വാഴ്ച പെട്രോളിന് 86.21 രൂപയും ഡീസലിന് 80.40 രൂപയുമായിരുന്നു. അതേസമയം, തിരുവനന്തപുരത്ത് ബുധനാഴ്ച ചിലയിടങ്ങളില്‍ പെട്രോള്‍ വില 90 രൂപയ്ക്ക് അടുത്തെത്തി. 

ജനുവരിയില്‍ ഇതുവരെ പെട്രോള്‍ വിലയില്‍ 2.61 രൂപയുടെയും ഡീസലിന് 2.77 രൂപയുടെയും വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ജനുവരി ഒന്നിന് പെട്രോള്‍ ലിറ്ററിന് 83.85 രൂപയും ഡീസലിന് 77.90 രൂപയുമായിരുന്നു നിരക്ക്.

ഇന്ധനവിലയില്‍ പൊറുതിമുട്ടി ജനം; ഒരു രൂപ കൂടിയാല്‍ സംസ്ഥാന സര്‍ക്കാരിന് 33 പൈസ വരുമാനം 
 

Content Highlights: V Muraleedharan reaction on fuel price hike in Kerala