വി. മുരളീധരൻ | ഫോട്ടോ: പ്രവീൺ ദാസ്| മാതൃഭൂമി
തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതരുത്. കേരളത്തില്‍ ലഹരി കടത്ത് വര്‍ധിക്കുകയാണ്. നാര്‍ക്കോട്ടിക് ജിഹാദ് പുതിയതല്ലെന്നും ഭീകരരുടെ പ്രധാന വരുമാനമാര്‍ഗം ലഹരി കടത്താണെന്നും വി. മുരളീധരന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാലാ ബിഷപ്പ് പറഞ്ഞ ആശങ്ക ഹിന്ദു-ക്രൈസ്തവ വിഭാഗങ്ങള്‍ക്കുണ്ട്. ബിഷപ്പ് മുസ്ലീം സമൂഹത്തെ അടച്ചാക്ഷേപിച്ചില്ല. മുസ്ലീം സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതും ശരിയല്ല. പക്ഷെ ഇതിനെതിരേ തെരുവിലിറങ്ങുന്നത് പരോക്ഷമായി ജിഹാദികളെ സഹായിക്കലാണ്. ജോസഫ് മാഷിന്റെ കൈ വെട്ടിയ കാലം കഴിഞ്ഞു, അങ്ങനെയൊരു കാലമല്ല ഇത്. അപ്രിയസത്യങ്ങള്‍ പറയുന്നവരെ വളഞ്ഞിട്ടാക്രമിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിഹാദികളെ പിന്തുണക്കുന്നവരാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്നത്. കേരളത്തില്‍ ജിഹാദികളെ പിന്തുണയ്ക്കുന്നവരുണ്ട്. ഇത് പറയുന്ന മതപുരോഹിതനെ വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ ഐഎസിനെ പിന്തുണയ്ക്കുന്നവരാണ്. ജിഹാദികളെ പിന്തുണയ്ക്കുന്ന രീതി രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ത്തണം. ബിഷപ്പിനെ എതിര്‍ക്കുന്നത് ജിഹാദികളെയാണ് സഹായിക്കുക. കേരളത്തില്‍ മതസൗഹാര്‍ദം തകര്‍ക്കാനാണ് സഹായിക്കുക.
ജിഹാദികളെയും സമുദായത്തെയും ഒരു കുടക്കീഴില് ചിത്രീകരിക്കാനാണ് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം. അവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്. അല്ലാതെ ബിഷപ്പിനെതിരെയല്ല. കേരളത്തിലെ ക്രൈസ്തവ സമുദായത്തിന്റെ ആശങ്ക തുറന്ന് പറഞ്ഞതിന് ബിഷപ്പിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. നാര്‍ക്കോട്ടിക് ജിഹാദ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ വിവരമുണ്ടോ എന്ന് പരിശോധിച്ച് പറയാം. തനിക്ക് ഇക്കാര്യം അറിയില്ലെന്നും വി. മുരളീധരന് പറഞ്ഞു.
Content Highlights: V. Muraleedharan on Pala Bishop Mar Joseph Kallarangat's 'narcotic jihad' remark
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..