ന്യുഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍. മഹാമാരിയെ കേരളം പ്രചാരവേലകള്‍ക്കായി ഉപയോഗിച്ചെന്നും ഇതാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി.

ശാസ്ത്രീയമായുള്ള പ്രതിരോധമാര്‍ഗ്ഗങ്ങള്‍ അവലംബിച്ചതുകൊണ്ടാണ് ഡല്‍ഹിയും മഹാരാഷ്ട്രയിലുമൊക്കെ ജനജീവിതം സാധാരണനിലയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞകാലങ്ങളില്‍ കോവിഡ് പ്രതിരോധത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നു പറഞ്ഞ് വിജയത്തിന്റെ ക്രഡിറ്റ് എടുത്തിരുന്നവരെ ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കാണുന്നില്ലെന്നും മുരളീധരന്‍ പരിഹസിച്ചു. കോവിഡ് വ്യാപനം തുടങ്ങിയതുമുതല്‍ ഒരുവര്‍ഷത്തോളം എല്ലാ ദിവസവും വാര്‍ത്താസമ്മേളനം നടത്തി 'കരുതലിന്റെ പാഠം' പഠിപ്പിക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെയും ഇപ്പോള്‍ കാണാനില്ലെന്ന് മുരളീധരന്‍ പരിഹസിച്ചു.

കേരളം രാജ്യത്തിന് മുഴുവന്‍ വെല്ലുവിളിയാകുന്ന സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Content Highlights: V Muraleedharan lashes out at government saying kerala is posing a challenge to the country