വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് വെട്ടിയതിനെതിരെ രംഗത്ത് വന്ന സ്പീക്കര്‍ എം.പി രാജേഷിനും സിപിഎമ്മിനുമെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ഭഗത് സിങ്ങും മാപ്പിള രാജ്യം സ്ഥാപിക്കുന്നതിനായി ഹിന്ദുക്കളെ കൊല ചെയ്ത വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും തുല്യരാകുന്നതെങ്ങനെയാണെന്ന് മുരളീധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. 

അജ്ഞത അപരാതമല്ലെന്നും എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി നാല് വോട്ടിന് വേണ്ടി അജ്ഞത അഭിനയിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന അപരാധമാണെന്നും വിദേശകാര്യ സഹമന്ത്രി പോസ്റ്റില്‍ ആരോപിക്കുന്നു. സ്പീക്കര്‍ എം.ബി രാജേഷും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് അജ്ഞതകൊണ്ടാണ്. സിപിഎം കേരളത്തില്‍ ഐ.എസിന്റെ വക്താക്കളെ പോലെയാണ് പെരുമാറുന്നതെന്നും മുരളീധരന്‍ പോസ്റ്റില്‍ വിമര്‍ശിക്കുന്നു. 

പാര്‍ലമെന്റില്‍ ഭഗത് സിങിന്റെ പ്രതിമ സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തത് കമ്മ്യൂണിസ്റ്റുകാരാണെന്ന് പറയുന്ന സ്പീക്കര്‍ നാളെ കേരള നിയമസഭയില്‍ വാര്യന്‍കുന്നത്തിനെപ്പോലെയുള്ളവരുടെ പ്രതിമ സ്ഥാപിക്കുമോ എന്നും മുരളീധരന്‍ ചോദിക്കുന്നു.

വി.മുരളീധരന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം

അജ്ഞത അപരാധമല്ല...
പക്ഷേ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി നടിക്കുന്ന അജ്ഞത സമൂഹത്തോടാകെ ചെയ്യുന്ന അപരാധമാണ്....
കേരള നിയമസഭാ സ്പീക്കറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നാലു വോട്ടിനു വേണ്ടി ഇപ്പോള്‍ ചെയ്യുന്നത് അതാണ്...
ചരിത്രത്തെ വളച്ചൊടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമം കാലം പൊറുക്കില്ല...
ആസേതു ഹിമാചലം ഭാരതമെന്ന ഏക രാഷ്ട്രത്തിനായി ജീവന്‍ വെടിഞ്ഞ ധീരദേശാഭിമാനിയും ഏറനാട്ടില്‍ മാപ്പിളരാജ്യമുണ്ടാക്കാന്‍ ശ്രമിച്ചയാളും ഒരു പോലെയെന്ന് സ്ഥാപിക്കുന്നത്  എന്തിനെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് വ്യക്തമാണ്...
സ്വന്തം നാട്ടിലെ നിരപരാധികളായ ഹിന്ദുക്കളെ അരിഞ്ഞു തള്ളിയ വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏതു നിലയിലാണ് ഭഗത് സിങ്ങിന് തുല്യനാവുന്നത് ?
ഏതെങ്കിലുമൊരു ഇന്ത്യക്കാരനെ (പോലീസ് ഉദ്യോഗസ്ഥരെയടക്കം ) ഭഗത് സിങ്ങ് വധിച്ചതായി എം.ബി രാജേഷിനും സിപിഎമ്മിനും ചൂണ്ടിക്കാട്ടാനാവുമോ ?
ഏതെങ്കിലുമൊരു മനുഷ്യനെ മതപരിവര്‍ത്തനം നടത്താന്‍ ഭഗത് സിങ്ങ് പീഢിപ്പിച്ചതായി ചരിത്രരേഖയിലുണ്ടോ ?
ഇസ്ലാമിക ശരിയ നിയമപ്രകാരമോ മറ്റേതെങ്കിലും മതനിയമപ്രകാരമോ എല്ലാവരും ജീവിക്കണമെന്ന് ഭഗത് സിങ്ങ് ശഠിച്ചിട്ടുണ്ടോ ?
ഇതെല്ലാം ചെയ്ത വാരിയംകുന്നന്‍ എങ്ങനെ ഭാരതമെന്ന ഒറ്റ വികാരത്തെ മാത്രം മുന്‍നിര്‍ത്തി ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയ ഭഗത് സിങ്ങിന് തുല്യനാകും ?
ബ്രിട്ടീഷുകാരെ എതിര്‍ത്ത എല്ലാവരും ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെന്നാണോ കമ്മ്യൂണിസ്റ്റ് പക്ഷം ?
ബ്രിട്ടീഷുകാര്‍ കൊന്ന കള്ളനോ കൊലപാതകിയോ പോലും  ആ കണക്കില്‍പ്പെടുമോ ?
ശരിയ നിയമപ്രകാരമുള്ള രാഷ്ട്ര നിര്‍മ്മാണത്തിനായി പോരാടിയവരാണ് സ്വാതന്ത്ര്യസമര സേനാനികളെന്ന സിപിഎം കണ്ടെത്തല്‍ ഗംഭീരമായി...!
 ഇസ്ലാമിക രാഷ്ട്രത്തിനായി പോരാടിയവരെ ധീരദേശാഭിമാനികളായി കാണുന്നവരാണ് ബിജെപിയെ മതേതരത്വം പഠിപ്പിക്കുന്നത്.....!
ഭാരതീയ ജനതാപാര്‍ട്ടി ഇന്ത്യന്‍ ഭരണഘടന പ്രകാരമാണ് രാജ്യം ഭരിക്കുന്നതെന്ന് കമ്മ്യൂണിസ്റ്റുകാര്‍ മറക്കരുത്...
പാര്‍ലമെന്റില്‍ ഭഗത് സിങ്ങിന്റെ പ്രതിമ സ്ഥാപിച്ചത് സിപിഎം മുന്‍കയ്യെടുത്താണെന്ന് രാജേഷ് അഭിമാനിക്കുന്നു !
നാളെ വാരിയംകുന്നന്റെ പ്രതിമയും പാര്‍ലമെന്റിലോ അല്ലെങ്കില്‍ അദ്ദേഹം സഭാനാഥനായ കേരളനിയമസഭയിലോ സ്ഥാപിക്കും എന്നാണോ പറഞ്ഞുവയ്ക്കുന്നത് എന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു !

Content Highlights: V Muraleedharan fb post against Speaker MB Rajesh and CPM