കേന്ദ്രമന്ത്രി വി.മുരളീധരൻ (ഫയൽ ചിത്രം) | Photo: ANI
ന്യൂഡല്‍ഹി: സിഎജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ തള്ളിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രമേയത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് നിയമസഭയില്‍ പ്രമേയം പാസാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കമാണെന്ന് മുരളീധരന്‍ ആരോപിച്ചു. ജനാധിപത്യത്തിന് അപമാനമുണ്ടാക്കിയ പ്രമേയം പാസാക്കിയത് ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം. പ്രമേയം പാസാക്കുന്നതിന് മുമ്പ് അതിനുള്ള അധികാരമുണ്ടോ എന്നറിയാന്‍ നിയമോപദേശം തേടുകയെന്ന മര്യാദ കാണിക്കാമായിരുന്നു. അഴിമതി മറക്കാന്‍ ഫെഡറലിസത്തിന്റെ അന്ത:സത്തക്ക് കളങ്കം വരുത്തിയ സര്‍ക്കാരിനെ തിരിച്ചറിയാന്‍ കേരളത്തിലെ ജനാധിപത്യ സമൂഹത്തിന് കഴിയും. പ്രത്യേക റിപ്പബ്‌ളിക്ക് അല്ല കേരളമെന്ന് മുഖ്യമന്ത്രിയും കൂട്ടരും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
ഇല്ലാത്ത അധികാരമുണ്ടെന്ന് കാണിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്. ഭരണഘടന അനുസരിച്ചോ, സഭാ കീഴ്‌വഴക്ക പ്രകാരമോ ഇത്തരമൊരു കാര്യം ചരിത്രത്തിലിന്നുവരെ ഉണ്ടായിട്ടില്ല. സഭയില്‍ വെച്ച റിപ്പോര്‍ട്ടിന്മേല്‍ എതിരഭിപ്രായമുണ്ടെങ്കില്‍ പി.എ.സി ക്ക് വിടുകയാണ് പതിവ്. എന്നാല്‍ അത് തങ്ങള്‍ക്ക് ബാധകമല്ലെന്ന തികഞ്ഞ ധാര്‍ഷ്ട്യമാണ് സിഎജിക്കെതിരെ രാഷ്ട്രീയ പ്രേരിതമായ പ്രമേയം പാസാക്കാന്‍ സഭയെ ഉപയോഗിക്കുക വഴി ഇടത് സര്‍ക്കാര്‍ കാണിച്ചത്. രാജ്യത്തെ നിയമ വ്യവസ്ഥ കേരളത്തിന് ബാധകമല്ലെന്നാണ് സര്‍ക്കാര്‍ ധരിച്ച് വെച്ചിരിക്കുന്നത്. കിഫ്ബി വായ്പയെടുപ്പില്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തത് സിഎജി ചൂണ്ടികാണിച്ചതിലുള്ള പ്രതികാരം തീര്‍ക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സിഎജി റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം സംസ്ഥാന സര്‍ക്കാരിനെ ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. അഴിമതിയും കൊള്ളരുതായ്മയും ചെയ്താല്‍ അത് പറയാന്‍ പാടില്ലെന്ന ഇടത് സര്‍ക്കാരിന്റെ വിചിത്ര നിലപാട് തീര്‍ത്തും പരിഹാസ്യമാണ്. പ്രമേയത്തെ പിന്‍തുണക്കുക വഴി അഴിമതിക്ക് കുടപിടിക്കുന്നവരായി സഭയിലെ ഇടത് അംഗങ്ങള്‍ മാറിയെന്നും മന്ത്രി പറഞ്ഞു.
content highlights: V Muraleedharan criticize state government resolution against CAG report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..