ന്യൂഡല്‍ഹി: ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.മുരളീധരന്. കേരളത്തിന്റെ കോവിഡ് പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി, ഒടുവില്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ ക്ഷേത്രങ്ങള്‍ തുറന്ന് തടിതപ്പാനാണോ നീക്കമെന്നും മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തായി അദ്ദേഹം ഫെയ്സ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു.
അതിന്റെ ആദ്യ സൂചന ദേവസ്വം മന്ത്രിയുടെ നാവിന് തുമ്പത്തുനിന്നുതന്നെ ഇന്ന് പുറത്തുവന്നു. ക്ഷേത്രങ്ങള്‍ തുറക്കാന്‍ ഉത്തരവിട്ടത് കേന്ദ്ര സര്‍ക്കാരാണ്, താങ്കളുടെ സര്‍ക്കാരിന് പങ്കില്ല എന്നാണ് ദേവസ്വം മന്ത്രി പറഞ്ഞതെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോര്‍ഡിനുകീഴിലുളള ഹിന്ദു ക്ഷേത്രങ്ങള്‍ തുറക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തീരുമാനിച്ചത്? ഇക്കാര്യം വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണസമിതികള്‍ ആവശ്യപ്പെട്ടോ? ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങള്‍ തുറക്കാനുളള താങ്കളുടെ നിലപാട് ദുരുദ്ദേശപരമാണ്. അത് വിശ്വാസികളായ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്.
കേരളത്തിലെ ഇടതുസര്‍ക്കാര്‍ വിശ്വാസികള്‍ക്കെന്ന പേരില്‍ കാട്ടിക്കൂട്ടുന്നതിന്റെ ചേതോവികാരം എന്താണെന്ന് താങ്കള്‍ മനസില്‍ വിചാരിക്കും മുമ്പു തന്നെ മാനത്തുകാണുന്നവരാണ് കേരളത്തിലെ ഹിന്ദു സമൂഹമെന്ന് താങ്കള്‍ ഇനിയെങ്കിലും തിരിച്ചറിയണമെന്നും അദ്ദേഹം പറയുന്നു
ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ
ശ്രീ പിണറായി വിജയന്
ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോര്‍ഡിനുകീഴിലുളള ഹിന്ദു ക്ഷേത്രങ്ങള്‍ തുറക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തീരുമാനിച്ചത്? ഇക്കാര്യം വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണസമിതികള്‍ ആവശ്യപ്പെട്ടോ? ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങള്‍ തുറക്കാനുളള താങ്കളുടെ നിലപാട് ദുരുദ്ദേശപരമാണ്. അത് വിശ്വാസികളായ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്.
കൊവിഡ് രോഗം നാള്‍ക്കുനാള്‍ കേരളത്തില്‍ കൂടുകയാണ്. സാമാന്യ സാമൂഹിക അകലം ഉറപ്പാക്കാന്‍ പോലും താങ്കളുടെ സര്‍ക്കാരിന് കഴിയുന്നില്ല. കേരളത്തിന്റെ കൊവിഡ് പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി, ഒടുവില്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ ക്ഷേത്രങ്ങള്‍ തുറന്ന് തടിതപ്പാനാണോ നീക്കം? അതിന്റെ ആദ്യ സൂചന ദേവസ്വം മന്ത്രിയുടെ നാവിന് തുമ്പത്തുനിന്നുതന്നെ ഇന്ന് പുറത്തുവന്നു. ക്ഷേത്രങ്ങള്‍ തുറക്കാന്‍ ഉത്തരവിട്ടത് കേന്ദ്ര സര്‍ക്കാരാണ്, താങ്കളുടെ സര്‍ക്കാരിന് പങ്കില്ല എന്നാണ് ദേവസ്വം മന്ത്രി പറഞ്ഞത്.
രാജ്യമാകമാനമുളള പൊതുമാനദണ്ഡമാണ് കേന്ദ്ര സര്‍ക്കാരിറക്കുന്നത്. ഇക്കാര്യത്തില്‍ പ്രാദേശിക സാഹചര്യം മനസിലാക്കി ഉത്തരവിറക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. താങ്കളുടെ ഭരണകൂടത്തിന്റെ ചുമതലയാണത്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചാണ് ഉത്തരവിറക്കിയതെങ്കില്‍ ക്വാറന്റീന് കാര്യത്തിലടക്കം കേരളം എന്തുകൊണ്ട് കേന്ദ്ര മാനദണ്ഡം അതേപടി നടപ്പാക്കിയില്ല? 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് വേണമെന്ന മാനദണ്ഡത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വെളളം ചേര്‍ത്തത് ആരും തിരിച്ചറിയില്ല എന്ന് കരുതരുത്.
കേരളത്തിലെ വിശ്വാസികളായ ഹിന്ദു സമൂഹത്തെ മന:പൂര്‍വം വ്രണപ്പെടുത്താനുളള നീക്കമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. നിലവിലെ സാഹചര്യം മനസിലാക്കി ക്ഷേത്രങ്ങള്‍ തുറക്കേണ്ടന്ന് ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ വരാത്ത നൂറുകണക്കിന് ക്ഷേത്ര കമ്മിറ്റികള്‍ തീരുമാനിച്ചു കഴിഞ്ഞു. എന്നിട്ടും താങ്കള്‍ മുന്നോട്ടുപോകുന്നത് വിശ്വാസികളെ ലക്ഷ്യം വെച്ചല്ല, ഇവിടെവീഴുന്ന കാണിക്കയില്‍ കണ്ണുടക്കിയാണെന്ന് കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്.
അതുകൊണ്ടൊന്നേ പറയാനുള്ളൂ...ദേവസ്വം ബോര്‍ഡിനു കീഴിലുളള ക്ഷേത്രങ്ങള്‍ തുറക്കാനുളള തീരുമാനം കേരളത്തിലെ ഇടതുസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം.
കേരളത്തിലെ ഇടതുസര്‍ക്കാര്‍ വിശ്വാസികള്‍ക്കെന്ന പേരില്‍ കാട്ടിക്കൂട്ടുന്നതിന്റെ ചേതോവികാരം എന്താണെന്ന് താങ്കള്‍ മനസില്‍ വിചാരിക്കും മുമ്പു തന്നെ മാനത്തുകാണുന്നവരാണ് കേരളത്തിലെ ഹിന്ദു സമൂഹമെന്ന് താങ്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം !
മുഖ്യമന്ത്രിയെന്ന നിലയിലുളള അന്തസും മാന്യതയും താങ്കള്‍ കാണിക്കണം. ഈശ്വര വിരോധികളായ സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറിയല്ല, കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഇനിയെങ്കിലും താങ്കള്‍ സ്വയം തിരിച്ചറിയണം
Content Highlights: You must recognize yourself as the Chief Minister of the state of Kerala, not the party secretary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..