പത്തനംതിട്ട: ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇ.ഡിയുടെ പേരും കേന്ദ്രസര്‍ക്കാരിന്റെ പേരും വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നത് ധനകാര്യമന്ത്രി എന്ന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനില്‍നിന്ന് പ്രതീക്ഷിക്കുന്നതല്ലെന്ന് അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു.

താന്‍ ചട്ടം ലംഘിച്ചു. നിയമസഭ വരട്ടെ, നോക്കട്ടെ എന്നാണ് ധനമന്ത്രി പറഞ്ഞത്. ഇതാണോ ഒരു ധനമന്ത്രി പറയേണ്ട മറുപടി. ഇത്തരത്തില്‍ മറുപടി പറയുന്നവര്‍ ആദ്യം അവരുടെ കാര്യമാണ് വിശദീകരിക്കേണ്ടത്. എന്ത് അടിസ്ഥാനത്തിലാണ് നിയമസഭയില്‍ വെക്കേണ്ട സി.എ.ജി. റിപ്പോര്‍ട്ട് അതിനു മുന്‍പ് പുറത്തുവിട്ടു എന്നതിന് തൃപ്തികരമായ മറുപടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു പോലും ധനമന്ത്രി കൊടുത്തിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരായ നീക്കം നടത്തുന്നു എന്ന ആരോപണത്തിനും മുരളീധരന്‍ മറുപടി നല്‍കി. കേന്ദ്രസര്‍ക്കാരിന് ഒരു ഒരു സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനോ വീഴ്ത്താനോ ഒക്കെ വേണ്ടീട്ട്, കേരളത്തില്‍ ഇപ്പോള്‍ വീഴ്ത്തിയിട്ട് ബി.ജെ.പിക്ക് അധികാരത്തില്‍ വരാനാണോയെന്ന് മുരളീധരന്‍ ആരാഞ്ഞു. അത്ര ബുദ്ധിയില്ലാത്തവരാണോ കേന്ദ്രത്തില്‍ ഭരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അന്വേഷണം എവിടേക്ക് ഒക്കെ പോകാന്‍ സാധ്യതയുണ്ടെന്ന് മറ്റാരെക്കാളും നന്നായി അറിയുന്നത് ഭരണത്തിലിരിക്കുന്നവര്‍ക്കാണ്. കാരണം ഭരണത്തില്‍ എന്തൊക്കെ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും എന്തൊക്കെ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അത് ചെയ്തവര്‍ക്കാണ് മറ്റുള്ളവരെക്കാള്‍ നന്നായി അറിയുക. അങ്ങനെ ചെയ്തവര്‍ക്ക് പിടിവീഴുമെന്നുള്ള ഭയമാണ് ഇത്തരത്തില്‍ ഒരുമുഴം മുന്‍കൂട്ടി എറിയാന്‍ അവരെ പ്രേരിപ്പിക്കുന്നത്- മുരളീധരന്‍ പറഞ്ഞു.

അതുകൊണ്ട് സര്‍ക്കാരിന് എതിരായിട്ട് ഒരു ടാര്‍ഗറ്റഡ് അറ്റാക്ക് നടക്കുന്നു എന്ന് കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന ആരോപണത്തിനു പിന്നില്‍ ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിയാനുള്ള ഉദ്ദേശ്യത്തോടെ മാത്രം ഉയര്‍ത്തുന്ന ആരോപണമാണ്. അതിനപ്പുറം ആ ആരോപണത്തില്‍ ഒരുതരത്തിലുള്ള സാംഗത്യവും പ്രസക്തിയുമില്ല. സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ട യഥാര്‍ഥ പ്രതികളെയും പങ്കാളികളായ മുഴുവന്‍ പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: v muraleedharan criticises finance minister thomas isaac