തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ ഇന്നുമുണ്ടായ തിക്കും തിരക്കും ആരോഗ്യ കേരളത്തിന് അപമാനകരമാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. കേന്ദ്ര വാക്‌സിന്‍ നയത്തെ കുറ്റപ്പെടുത്തുന്നതില്‍ വ്യാപൃതരായ സംസ്ഥാന സര്‍ക്കാരിന് വാക്‌സീന്‍ വിതരണകേന്ദ്രങ്ങള്‍ മനുഷ്യരുടെ ജീവന് ഭീഷണിയാവുന്നത് കാണാന്‍ കഴിയാത്തത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രായമായ സ്ത്രീകളടക്കം കുഴഞ്ഞുവീഴുന്നു. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന രോഗികള്‍ വെള്ളത്തിനായി കേഴുന്നു. ലോകത്ത് ഒന്നാം നമ്പര്‍ ആരോഗ്യവകുപ്പെന്ന് അവകാശപ്പെടുന്നവര്‍ എവിടെപ്പോയെന്ന് മന്ത്രി ചോദിച്ചു. കഴിഞ്ഞയാഴ്ചയും വാക്‌സിന്‍ വിതരണകേന്ദ്രങ്ങളിലെ തിക്കും തിരക്കും മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും ചൂണ്ടിക്കാണിച്ചെങ്കിലും സംസ്ഥാന ആരോഗ്യവകുപ്പ് ചെറുവിരലനക്കിയില്ലെന്ന് വി.മുരളീധരന്‍ കുറ്റപ്പെടുത്തി. 

സാമൂഹ്യ അകലമോ മറ്റ് കോവിഡ് മാനദണ്ഡങ്ങളോ പാലിക്കാതെ നടത്തുന്ന മെഗാവാക്‌സിനേഷന്‍ ക്യാംപുകള്‍ ആരുടെ ബുദ്ധിയിലുദിച്ച ആശയമാണെന്നറിയില്ല. പരമ്പരാഗതമായി പിഎച്ച്‌സികള്‍ പോലെ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളുള്ള കേരളത്തില്‍ പ്രതിരോധകുത്തിവയ്പ്പ് വിതരണത്തിന് ഇത്ര ആശയക്കുഴപ്പം ഉണ്ടാക്കിയത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടുമാത്രമാണ്. 

വാക്‌സീന്‍ വിതരണത്തിന് പ്രായോഗിക മാര്‍ഗം കണ്ടെത്താന്‍ കഴിയാത്തവരാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മുന്നിട്ടിറങ്ങുന്നത് എന്നത് പരിഹാസ്യമാണ്. രണ്ടാം ഡോസ് വാക്‌സിന്‍ ലഭിക്കാന്‍ മാര്‍ഗമെന്തെന്നറിയാതെ കുഴങ്ങുകയാണ് പലരും. കോവിന്‍ വെബ്സൈറ്റിലെ തകരാറും പരിഹരിക്കാനുള്ള ശ്രമമില്ല. കേന്ദ്രം തന്ന സൗജന്യ വാക്‌സീന്‍ കൃത്യമായി ജനങ്ങളില്‍ എത്തിച്ചിട്ടുപോരേ വരാനിരിക്കുന്ന കാര്യത്തില്‍ കുറ്റപ്പെടുത്തലിനിറങ്ങുന്നതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.

Content Highlights: V Muraleedharan blames vaccine distribution in Kerala