നാസർ ഫൈസി കൂടത്തായി, വി. മുരളീധരൻ | Photo: Mathrubhumi news screengrab, ANI
തിരുവനന്തപുരം: മതനിയമങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രങ്ങളിലേതുപോലുള്ള നിയന്ത്രണങ്ങള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്. ലോകമെങ്ങും ഫുട്ബോള്‍ ആവേശത്തില്‍ നില്ക്കുമ്പോള് കേരളം കേള്‍ക്കുന്ന മതശാസനകള്‍ ദൗര്‍ഭാഗ്യകരമെന്നും സമസ്ത നിലപാടിനെ വിമര്‍ശിച്ച് വി.മുരളീധരന് പറഞ്ഞു.
തിരുവനന്തപുരത്ത് കേരള സാംബവസഭയുടെ എട്ടാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. താലിബാന് ഭരണമുള്ള അഫ്ഗാനിസ്ഥാനിലാണ് വിനോദങ്ങള്‍ക്ക് ഇത്തരത്തില്‍ വിലക്കുള്ളതായി കേട്ടിട്ടുള്ളത്. സമാനമായ മതശാസനകള്‍ കേരളത്തില്‍ ഇറക്കാന്‍ ആളുകള്‍ക്ക് ധൈര്യം കിട്ടുന്നത് എവിടെ നിന്നാണെന്ന് കേരള സമൂഹം ചിന്തിക്കണം. ഭാരതത്തിന്റെ അടിസ്ഥാനം മതനിയമങ്ങളല്ല ജനാധിപത്യ, മതനിരപേക്ഷ ഭരണഘടനയാണെന്ന് ഇത്തരമാളുകളെ ഓര്‍മിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണത്തിന്റെ പേരില്‍ ദളിതനെ തല്ലിക്കൊല്ലുന്ന സാമൂഹ്യസാഹചര്യം കേരളത്തില്‍ കണ്ടതാണെ്. സര്‍ക്കാര്‍ ഉത്തരവുകളില്‍ ദളിത്, ഹരിജന്‍ തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കിയാല്‍ മാത്രം തുല്യനീതിയാകില്ലെന്ന് പിണറായി വിജയന് മനസിലാക്കണമെന്നും വി.മുരളീധരന് പറഞ്ഞു. നരേന്ദ്രമോദിയെയും ബിജെപിയെയും ദളിത് വിരോധികളായി ചിത്രീകരിക്കാന്‍ ബോധപൂര്‍വം ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു രാഷ്ട്രപതിയുണ്ടായത് നരേന്ദ്രമോദിയുടെ കാലത്തെന്നും മന്ത്രി പറഞ്ഞു.
ഡോ.ബി.ആര് അംബേദ്കര്‍ ആഗ്രഹിച്ചതുപോലെ തൊട്ടുകൂടായ്മയും ജാതിവിവേചനവും ഇല്ലാത്ത സാമൂഹ്യ, സാമ്പത്തിക നീതി എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉറപ്പാക്കുന്ന ഇന്ത്യയാണ് കേന്ദ്രനയമെന്നും വി.മുരളീധരന് പറഞ്ഞു. ഭരണഘടനാസംരക്ഷകര്‍ ചമയുന്നവരുടെ അവസരവാദനിലപാടുകള്‍ ജനം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: v muraleedharan against samasta
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..