V. Muraleedharan | Photo: Sabu Scaria/ Mathrubhumi
കൊച്ചി: കേരളസര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്. നടന്നത് ആസൂത്രിതമായ രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്ന് ആരോപിച്ച അദ്ദേഹം വിവാദങ്ങളില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു. വിദേശകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ യുഎഇ കോണ്‍സുലേറ്റിലെ കരാര്‍ ജീവനക്കാരന് ഡിപ്ലോമാറ്റിക് ഐഡി നല്കി ബാഗേജ് എത്തിക്കാന്‍ ഇയാളുടെ സഹായം തേടിയത് രാജ്യത്തെ നാണം കെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളാ സര്‍ക്കാര്‍ യുഎഇ കോണ്‍സുലേറ്റിലെ കരാര്‍ ജീവനക്കാരന് എല്ലാഅനുമതികളും ലംഘിച്ചുകൊണ്ട്, വിദേശകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ ഡിപ്ലോമാറ്റിക് ഐഡി നല്കി. ആ ഡിപ്ലോമാറ്റിക് ഐഡി ഉപയോഗിച്ചുകൊണ്ടാണ് കറന്‍സി ഇന്ത്യക്ക് പുറത്ത് കൊണ്ടുപോയതെന്നാണ് ആരോപണം. ആ കറന്‍സിയാണ് അയാളുടെ ഐഡി ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ മറന്നുവെച്ച ബാഗ് എന്ന പേരില്‍ കൊണ്ടുപോയതെന്നാണ് ആരോപണം. ഇത്തരത്തിലുള്ള ഐഡി നല്കാന് കേരള സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ വിഭാഗത്തിന് ആര് അധികാരം നല്കി?
ഇത് ആസൂത്രിതമായി നടന്ന വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. ബാഗ് കൊണ്ടുപോയത് ഈജീപ്ഷ്യന്‍ പൗരനായ ഖാലിദാണ്. കേരള സര്‍ക്കാരിലെ ഉന്നതരായ ആര്‍ക്കൊക്കെയോ രഷ്ട്രവിരുദ്ധ കാര്യങ്ങള്‍ ചെയ്യാനായി വിദേശ പൗരനായ കരാര്‍ ജീവനക്കാരന് കേരള ഗവണ്മെന്റ് നയതന്ത്ര പരിരക്ഷ നല്കുന്നു. ഭാവിയില്‍ പ്രശ്നമുണ്ടായാല്‍, അയാളിലേക്ക് എത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുന്‍കൂട്ടി തിരിച്ചറിഞ്ഞാണ് വിദേശ പൗരനെ ഉപയോഗിച്ചത്.
കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. വിദേശ കോണ്‍സുലേറ്റുകള്‍ ഒരു സംസ്ഥാന സര്‍ക്കാരുമായും നേരിട്ട് ഇടപെടാന്‍ പാടില്ലെന്ന് ഡിപ്ലൊമാറ്റിക് ഹാന്‍ബുക്കില്‍ കൃത്യമായി പറയുന്നുണ്ട്. നിര്‍ദേശങ്ങള്‍ മറികടന്ന് ഏതെങ്കിലും വിദേശ കോണ്‍സുലേറ്റ് കേരള സര്‍ക്കാരിനെ സമീപിച്ചാല്‍ കേന്ദ്ര വിദേശകാര്യ വകുപ്പിനെ അറിയിക്കേണ്ടതായിരുന്നു. എന്തുകൊണ്ട് അത് ചെയ്തില്ല? അതിനര്‍ഥം ഇവര്‍ക്കും താല്പര്യമുണ്ടായിരുന്നു എന്നാണ്. ഇവര്‍ രണ്ടുപേരും തമ്മിലുള്ള ഒത്തുകളിയാണ് നടന്നത്. ഇതിനെക്കുറിച്ച് എന്തുകൊണ്ട് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്നും മുരളീധരന് ചോദിച്ചു.
ബാഗ് കൊണ്ടുപോകാന്‍ കേരളാഗവണ്മെന്റിന് ഒരു ഉദ്യോഗസ്ഥനെ ബാഗുമായി അയക്കാമായിരുന്നു. ഉദ്യോഗസ്ഥന് പോയാല്‍ പരിശോധിക്കപ്പെടും. അത് ഒഴിവാക്കാനാണ് വിദേശ നയതന്ത്ര പ്രതിനിധിയുടെ മേല്‍വിലാസം ഉപയോഗിച്ചത്. പ്രോട്ടോക്കോള്‍ ലംഘനം മാത്രമല്ല, നാണക്കേടുമാണ്. ഒരു വിദേശരാജ്യത്തെ പൗരനോടും കോണ്‍സുലേറ്റിനോടും സഹായം തേടുക എന്നത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്കുള്ള സ്ഥാനത്തിനടക്കം മങ്ങലേല്‍പ്പിക്കുന്നതാണ്. ഒരു കാരണവശാലും ഒരു ഭരണാധികാരിയും ചെയ്യാന്‍ പാടില്ലാത്തതാണ്. അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ കേന്ദ്ര വിദേശകാര്യ വകുപ്പിനെ ബന്ധപ്പെടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..