കോഴിക്കോട്: സംസ്ഥാനത്ത് കേന്ദ്ര എജന്‍സികള്‍ എത്തിയത് മുഖ്യമന്ത്രിയെ സഹായിക്കാനാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രിയാണ് കേന്ദ്ര ഏജന്‍സികളെ വിളിച്ചത്. പക്ഷെ ഇപ്പോള്‍ ഇത് അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമോ എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂവെന്നും മുരളീധരന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച തദ്ദേശം 2020 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ധനശക്തി കൊണ്ട് മാത്രം ജനങ്ങളെ വരുതിയില്‍ ഇരുത്താമെന്ന് സി.പി.എം എല്ലാ കാലത്തും കരുതണ്ട. സ്വര്‍ണ കള്ളക്കടത്ത് കേസിലടക്കം അന്വേഷണം അതിന്റെ  അവസാനത്തിലെത്തിയാലേ നിര്‍ത്തുകയുള്ളൂ.ആരാണ് ഇതിന്റെ പിന്നിലുള്ളതെന്ന് അന്വേഷിച്ച് വരികയാണ്. അത് കണ്ടുപിടിക്കുക തന്നെ ചെയ്യും. ആദ്യം അന്വേഷണത്തെ  സ്വാഗതം ചെയ്യുന്നു,  പക്ഷെ അന്വേഷണം വസ്തുതയിലേക്ക് എത്തുമ്പോള്‍ എതിര്‍ക്കപ്പെടുകയുമാണ് ചെയ്യുന്നത്. പേടിയില്ലെങ്കില്‍ എന്തിനാണ് അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങുകയാണ്. കോണ്‍ഗ്രസിനെ വലിയ രീതിയില്‍ പിന്തുണച്ച ക്രൈസ്തവ മേഖലയടക്കം അവരെ കൈവിടുകയാണ്. കേരളത്തില്‍ അവരുടെ അവസാനത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം കാണിച്ച് തരും. കോണ്‍ഗ്രസില്‍ നിന്ന് അധികം വൈകാതെ നിരവധി പേര്‍ ബി.ജെ.പിയിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.  

സി.പി.എം ശക്തമാവണമെങ്കില്‍ അതിന്റെ സാമ്പത്തിക അടിത്തറ ഭദ്രമായിരിക്കണം. സഹകരണ സ്ഥാപനങ്ങളെയടക്കം അവര്‍ക്ക്  സംരക്ഷിച്ച് നിര്‍ത്തിയേ മതിയാകൂ. അതിന്റെ ഭാഗമായിട്ടാണോ കെ.എസ്.എഫ്.ഇക്കെതിരേയുള്ള നീക്കമെന്ന് സംശയിക്കുന്നവരുണ്ട്. കര്‍ഷക സമരം രാജ്യത്ത് എല്ലായിടത്തുമില്ല. കേരളത്തിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണ്. കര്‍ഷകര്‍ക്ക്  നേരിട്ട് വിളകള്‍ വില്‍ക്കാനാവുന്നതാണ് പുതിയ കര്‍ഷക നിയമം. ഇത് എങ്ങനെയാണ് കര്‍ഷകര്‍ക്ക് എതിരാവുകയെന്നും മന്ത്രി ചോദിച്ചു.