ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിമാന സര്‍വീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിയല്ല മുഖ്യമന്ത്രി സംസാരിക്കുന്നത്. ആരോ അദ്ദേഹത്തെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്ന്‌ മുരളീധരന്‍ ആരോപിച്ചു. 

മുഖ്യമന്ത്രി പറഞ്ഞ പോലെയല്ല കാര്യങ്ങള്‍. ദിവസേന 24 വിമാനങ്ങള്‍ കേരളത്തിലേക്ക് വരുമെന്നാണ് കേന്ദ്രം അയച്ച കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആകെ 12 അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് മാത്രമാണ് കേരളം അനുമതി നല്‍കിയതെന്നും മുരളീധരന്‍ വ്യക്തമാക്കി. ഗള്‍ഫ് സാഹചര്യം പരിഗണിച്ച് നിബന്ധന വെയ്ക്കരുതെന്നും കേരളത്തിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വരേണ്ടതെന്നും വി മുരളീധരന്‍ പറഞ്ഞു.

ഒരു മാസത്തില്‍ 360 വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം 36 വിമാനങ്ങള്‍ മാത്രമേ ചാര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും കൂടുതല്‍ ചാര്‍ട്ട് ചെയ്താല്‍ അനുവാദം കൊടുക്കാമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും കത്തില്‍ സൂചിപ്പിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

തൊഴിലുടമകള്‍ക്ക് ചാര്‍ട്ടേര്‍ഡ്‌ വിമാനം അയക്കാമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തില്‍ പറഞ്ഞിട്ടില്ലെന്നും കത്തിലെ വരികള്‍ പരാമര്‍ശിച്ച് കൊണ്ട് മുരളീധരന്‍ വ്യക്തമാക്കി.

content highlights: V Muraleedharan, Pinarayi Vijayan, Expats Flight Issue