കോഴിക്കോട്: മാഫിയകളെ സഹായിക്കാൻ ഉത്തരവിറക്കുന്ന ആദ്യ സർക്കാരാണ് പിണറായി വിജയന്റേതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കോടിക്കണക്കിന് മരം മുറിച്ച് കടത്തിയതിന്റെ ചെറിയ ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കേണ്ട സർക്കാർ നിയമലംഘനം കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുന്നുവെന്നും വി.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

താൻ മന്ത്രിയായിരുന്ന സമയത്തല്ല മരം മുറിയെന്നാണ് ഒരു മന്ത്രി നിയമസഭയിൽ കഴിഞ്ഞ ദിവസം പറഞ്ഞത്. ആദ്യ പിണറായി സർക്കാരിലെ വനം മന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും അറിവോടെയല്ലാതെ ഇത്രയും വലിയ കൊളള നടക്കില്ല. ഇതിന് രാഷ്ട്രീയ നേതൃത്വത്തിന്റേയും ഉദ്യോഗസ്ഥ വിഭാഗങ്ങളുടേയും പിന്തുണയുണ്ടെന്നും മുരളീധരൻ പറഞ്ഞു. തട്ടിപ്പിന് ഉത്തരവാദിയായ മുഴുവൻ ആളുകൾക്കെതിരേയും നടപടിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.