വി.ജോയ്
തിരുവനന്തപുരം: വളരെ മികച്ച പാരമ്പര്യമുള്ള ലത്തീന്‍ സഭ അതിലെ ഒരു വിഭാഗത്തിനെ തീവ്രവാദ സ്വഭാവത്തിലേക്ക് ആളുകളെ അഴിച്ചുവിടുന്നത് ശരിയാണോയെന്ന് വി. ജോയ് എംഎല്‍എ. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലത്തീന്‍ സഭ പരിപാവനമായ ഒരു സഭയാണ്. വിക്രംസാരാഭായ് ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി സ്ഥലം ചോദിച്ച് വന്നപ്പോള്‍ പള്ളിയിരുന്ന സ്ഥലവും പള്ളികൂടവും രാജ്യത്തിന് വിട്ടുനല്‍കിയ അന്നത്തെ അതിരൂപതാ അധ്യക്ഷന്‍ പീറ്റര്‍ ബെര്‍ണാര്‍ഡ് പരേരയുടെ ചരിത്രം നമുക്ക് നന്നായി അറിയാം. ചില അച്ചന്മാര്ക്ക് ഇപ്പോള്‍ എന്തു സംഭവിച്ചു എന്നുള്ളതാണ്. പിതാക്കന്മാരുടെ നാവും വര്‍ത്തമാനവും സ്നേഹത്തിലൂന്നിയതാകണം. അങ്ങനെയുള്ളവരുടെ നാവില്‍ നിന്നാണ് ചില പരാമര്‍ശങ്ങള്‍ വന്നത്. അത് തീവ്രവാദത്തിന്റെ ലക്ഷണമല്ലേ. നല്ല പാരമ്പര്യമുള്ള ലത്തീന്‍ സഭ ഒരു വിഭാഗം ആളുകളെ തീവ്രവാദ സ്വഭാവത്തിലേക്ക് അഴിച്ചുവിടാമോ.. ഇത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്', ജോയ് പറഞ്ഞു.
ഇപ്പോള്‍ വിഴിഞ്ഞം തുറമുഖത്തേക്കുറിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ച എം.വിന്‍സെന്റ് എംഎല്‍എ ഇന്നേ വരെ ഒരു മത്സ്യത്തൊഴിലാളികളെ സംബന്ധിക്കുന്ന ഒരു പ്രമേയം പോലും അവതരിപ്പിച്ചിട്ടില്ല. ഒരു സബ്മിഷന് പോലും ഉന്നയിച്ചിട്ടില്ല. മറിച്ച് വിഴിഞ്ഞം പദ്ധതി ദ്രുതഗതിയിലാക്കണമെന്ന് പ്രമേയം മുമ്പ് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ ഒരു വകയും ചെയ്തിട്ടില്ല. ഗോഡൗണില്‍ താമസിക്കുന്നവരെ പുനരുധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആറ്റിപ്പുറ വില്ലേജില്‍ സ്ഥലം കണ്ടു. എന്നാല്‍ രൂപതയ്ക്ക ഇതില്‍ താത്പര്യമില്ലായിരുന്നു. അതോടെ അത് മുടങ്ങി.
എല്ലാവരും ഈ സമരത്തില്‍ അനുകൂലമാണ് എന്ന് പറയുന്നില്ല. ഒരു വിഭാഗം തീവ്ര സ്വഭാവം എടുത്തുകൊണ്ട്, ഏതെങ്കിലും തരത്തില്‍ ഈ സമരം ഒന്നു കത്തിച്ച് കേരളമാകെ ഇടതുമുന്നണിക്ക് എതിരാക്കാന്‍ വലിയ ശ്രമമാണ് നടത്തുന്നത്. സാമുദായിക ലഹള ഉണ്ടക്കാന്‍ പറ്റുമോ എന്നത് കൂടി പരിശോധിക്കുകയാണെന്നും ജോയ് വ്യക്തമാക്കി.
വേണ്ടി വന്നാല്‍ വിമോചന സമരം നടത്തുമെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷന്‍ എന്തു വിടുവായത്തവും പറയും. വേണ്ടിവന്നാല്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞിട്ടുണ്ട്. എന്തും പറയാന്‍ ലജ്ജയില്ലാത്ത നേതാവാണ് അദ്ദേഹം.
വിഴിഞ്ഞം സമരത്തിന് തീവ്രവാദ സ്വഭാവം ഒരു വാഭാഗം ആളുകള്‍ നല്‍കുന്നുവെന്ന് പറയാന്‍ കാരണം, ഇതിന്റെ ഭാഗമായി ദേശീയ പാത തടഞ്ഞുകൊണ്ട് സമരം നടത്തി. സാധാരണ എല്ലാ സമരങ്ങളിലും ആംബുലന്‍സിനും വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ക്കും വഴിമാറി കൊടുക്കും. എന്നാല്‍ ഇവര്‍ വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ വിട്ടില്ല. 150 ഓളം ആളുകളുടെ ജോലി പോയി. ആംബുലന്‍സുകളും വിട്ടില്ല. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ വള്ളം കത്തിക്കാനുള്ള ശ്രമം നടത്തി, അത് വിജയിച്ചില്ല. തീവ്രവാദ സ്വഭാവമുള്ള ചില അച്ചന്മാര് പ്രസംഗിച്ചു. അവരുടെ പ്രസംഗത്തിന്റെ വീഡിയോ എല്ലായിടത്തമുണ്ട്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. പരിഹരിക്കുന്നുണ്ട്. വളരെ ബോധപൂര്‍വ്വം നമ്മുടെ നാട്ടില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മറയായി നില്‍ക്കുന്നത് ഒരു ജനപ്രതിനിധിയാണെന്ന് കൂടി നാം ഓര്‍ക്കണമെന്നും ജോയ് പറഞ്ഞു.
Content Highlights: v joy mla against-udf-vizhinjam port protest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..