V. Joy | Photo: Mathrubhumi
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ കളരിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കളരിയെന്ന് വി. ജോയ് എംഎല്‍എ. സ്വര്‍ണക്കടത്ത് വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കാന്‍ കാരണം അസഹിഷ്ണുതയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വരില്ലെന്നാണ് പ്രതിപക്ഷം പ്രതീക്ഷിച്ചത്. വീണ്ടും വന്നതിലുള്ള അസഹിഷ്ണുതയാണ് അവർക്കെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്വപ്ന, ഷാജ് കിരണ്‍, എച്ച്.ആര്.ഡി.എസ്, അതിന്റെ ഡയറക്ടര്‍ ബിജു കൃഷ്ണന്, അഡ്വ. കൃഷ്ണരാജ്, പി.സി. ജോര്‍ജ് ഇതിനെല്ലാം ഇടയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം നന്ദകുമാര്‍ എന്നവരാണ് സര്‍ണക്കടത്ത് കേസിന്റെ രണ്ടാം എപ്പിസോഡിലെ അഭിനേതാക്കള്‍. ഇതിനെ ആകെ കൂട്ടിമുട്ടിക്കുന്ന ബി.ജെ.പി-കോണ്‍ഗ്രസ് നേതാക്കളും സരിതയുമാണ് ഈ കൂട്ടുകെട്ടിനെല്ലാം പിന്നില്‍. ഷാജ് കിരണ്‍ ഞങ്ങളുടെ ആരുടേയും സുഹൃത്തുമല്ല ദല്ലാളുമല്ല. ഷാജ് കിരണിന് പ്രതിപക്ഷ നേതാക്കളുമായും ബിജെപി നേതാക്കളുമായുമാണ് ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. കൃഷ്ണരാജിന്റെ ഏറ്റവുംവലിയ അടുപ്പക്കാരന് പ്രതിപക്ഷ നേതാവാണ്. 29 വര്‍ഷക്കാലത്തെ ആത്മമിത്രം എന്നാണ് കൃഷ്ണരാജ് ഫെയ്ബുക്കില്‍ കുറിച്ചത്. ബിജു കൃഷ്ണന്, അഡ്വ. കൃഷ്ണരാജ്, പി.സി. ജോര്‍ജ്- ഈ കൂട്ടുകെട്ടാണ് രണ്ടാം എപ്പിസോഡിന്റെ സൂത്രധാരകര്‍. രണ്ടാം എപ്പിസോഡ് പൊട്ടിക്കാനിരുന്നത് തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ സമയത്താണ്.
മഹാത്മാഗാന്ധിയുടെ ചിത്രം പൊട്ടിച്ചത് എസ്എഫ്ഐക്കാരാണെന്ന് എം.വിന്‍സെന്റ് എംഎല്‍എയെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷ നേതാവിന് സാധിക്കുമോയെന്നും വി. ജോയ് ചോദിച്ചു. അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ ചുവരില്‍ ഗാന്ധിയുടെ ചിത്രം കാണാമെന്നും വി. ജോയ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..