പാലക്കാട്: അട്ടപ്പാടി സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  ആദിവാസികള്‍ക്കുവേണ്ടി ഒരു പദ്ധതിയും  പ്രഖ്യാപിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അട്ടപ്പാടി സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അട്ടപ്പാടിയില്‍ എന്താണ് നടക്കുന്നതെന്ന് സര്‍ക്കാരിന് അറിയില്ല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംവിധാനമില്ല. നോഡല്‍ ഓഫീസറോ മോണിട്ടറിങ് കമ്മിറ്റിയോ ഇല്ല. ആരോഗ്യമന്ത്രി വന്നുപോയിട്ടും അട്ടപ്പാടിയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഉള്ള സൗകര്യങ്ങള്‍ കുറയുകയല്ലാതെ കൂടുതലായി ഒന്നും ഉണ്ടായില്ല. നന്നായി കാര്യങ്ങള്‍ ചെയ്തിരുന്ന നോഡല്‍ ഓഫീസറെ ഇല്ലാത്ത യോഗത്തിനായി തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയും അദ്ദേഹത്തെ അവിടേക്ക് മാറ്റിയശേഷം മന്ത്രി അട്ടപ്പാടി സന്ദര്‍ശിക്കുകയും ചെയ്തു. അതില്‍ അദ്ദേഹത്തിന്റെ പ്രതികരണം തന്നെ വളരെ വ്യക്തമാണല്ലോ, എന്തിനുവേണ്ടിയാണ് മന്ത്രി വന്നത് എന്നുള്ളത്?

ഒരു പുതിയ പ്രഖ്യാപനം പോലും മന്ത്രി നടത്തിയില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കമുള്ളവയാണ് അട്ടപ്പാടിയിലുള്ളത്. ഗുരുതരമായ കൃത്യവിലോപം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അട്ടപ്പാടിയില്‍ ഉണ്ടായിരുന്ന ഒരു സംവിധാനം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

PKD
തുടര്‍ച്ചയായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ അട്ടപ്പാടി സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ട്രൈബല്‍ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസിനോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നു. ഫോട്ടോ - പി.പി രതീഷ്\മാതൃഭൂമി

ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജിന്റെ അട്ടപ്പാടി സന്ദര്‍ശനസമയത്ത് തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്ന ആരോപണവുമായി അട്ടപ്പാടി നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് രംഗത്തെത്തിയിരുന്നു. ഞായറാഴ്ച മന്ത്രി അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും ആരോഗ്യവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ശിശുമരണംനടന്ന ഊരുകളിലെത്തുന്നതിനുമുമ്പ് ഊരുകളിലെത്താനുള്ള തിടുക്കമാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ അട്ടപ്പാടിയിലെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നില്‍. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് സൗകര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അഴിമതിക്കാരനായി ചിത്രീകരിക്കയാണെന്നും പ്രഭുദാസ് പറഞ്ഞു. മന്ത്രി സന്ദര്‍ശനംനടത്തുമ്പോള്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരോട് തന്നെക്കുറിച്ച് ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിപറയേണ്ടത് താനാണ്.

2007 മുതല്‍ അട്ടപ്പാടിയില്‍ ഡോക്ടറായി തുടരുന്നു. 2013-ല്‍ നോഡല്‍ ഓഫീസറായി. സംസ്ഥാനത്തെ മികച്ച ഡോക്ടറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കോട്ടത്തറ ആശുപത്രിയെ മികച്ച ആശുപത്രിയായി മാറ്റിയെടുത്തത് ഡോക്ടര്‍മാരുടെ കൂട്ടായ പ്രവര്‍ത്തനഫലമായാണ്. ഇത് താന്‍ ആശുപത്രി സൂപ്രണ്ടായിരിക്കുമ്പോഴാണ്. ആശുപത്രിക്കാവശ്യമായ ഡോക്ടര്‍മാരെയുള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അട്ടപ്പാടിയില്‍ ശിശുമരണം തുടരുമെന്നും ഡോ. പ്രഭുദാസ് പറഞ്ഞിരുന്നു.

Content Highlights : Opposition leader V.D Satheesan against Health Minister Veena George's visit to Attappady