തിരുവനന്തപുരം: സുപ്രീം കോടതി തള്ളിക്കളഞ്ഞ കേസിനെക്കുറിച്ച് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അങ്ങനെ പറയാന്‍ ഇന്ത്യയില്‍ ഒരു പൗരനും അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം കൊടുത്ത അടിയന്തരപ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോടതിയില്‍ ചില വക്കീലന്മാര്‍ വാദവും കഴിഞ്ഞ് കേസും തള്ളി കോടതി പിരിഞ്ഞതിന് ശേഷം കോടതി വരാന്തയില്‍ നിന്ന് ആര്‍ഗുമെന്റ് നടത്തും. അതുപോലെയാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞ ഒരു കേസിനെ കുറിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ വന്ന് പറയുന്നത്.' വി.ഡി.സതീശന്‍ പരിഹസിച്ചു. 

സര്‍ക്കാര്‍ വാദം വിചാരണക്കോടതി തള്ളിയതാണെന്നും സര്‍ക്കാര്‍ അഭിഭാഷകയുടെ നിയമ ബോധം പോലും മുഖ്യമന്ത്രി കാണിച്ചില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

പൊതു മുതല്‍ നശിപ്പിച്ച കുറ്റം എവിടെ വെച്ചു ആര് ചെയ്താലും വിചാരണ നേരിടണം. എംഎല്‍എമാര്‍ക്ക് എന്താ കൊമ്പുണ്ടോ എന്ന് ജനങ്ങള്‍ ചോദിക്കില്ലെ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പൊതു മുതല്‍ നശിപ്പിച്ച കുറ്റവാളികളെ രക്ഷിക്കാന്‍ ജനത്തിന്റെ നികുതി പണം എടുത്തു സുപ്രീം കോടതിയില്‍ പോയി. ഇതിന് പാര്‍ട്ടിയാണ് വക്കീല്‍ ഫീസ് അടക്കേണ്ടതെന്നും പൊതുമുതലില്‍ നിന്ന് എടുത്തല്ലെന്നും അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ലോകത്ത് ഇത്ര മാത്രം സാക്ഷികള്‍ ഉള്ള കേസില്‍ തെളിവില്ല എന്ന് വാദിച്ചത് അപഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. 

 

 

Content Highlights: V D Satheeshan lashes out at government in assembly