വി.ഡി. സതീശൻ, പിണറായി വിജയൻ| Photo: Mathrubhumi
തിരുവനന്തപുരം: സോണിയാ ഗാന്ധിക്കെതിരെ ഉന്നയിച്ച ആരോപണത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരള മുഖ്യമന്ത്രി കൂപമണ്ഡൂകത്തെപ്പോലെ ഒന്നുമറിയാതെ തിരുവനന്തപുരത്തിരുന്ന് വര്‍ത്തമാനം പറയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പച്ചക്കള്ളം പറയുന്ന അദ്ദേഹത്തിന് ഇരിക്കുന്ന സ്ഥാനത്തോട് ബഹുമാനം വേണ്ടേ എന്നും വാര്‍ത്താ സമ്മേളനത്തില്‍ സതീശന് ചോദിച്ചു.
ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പിയുടെ ഭാര്യയെ സോണിയാഗാന്ധി സന്ദര്‍ശിച്ചില്ല എന്ന ഗുരുതര ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. എന്നാല്‍ ഗുല്‍ബര്‍ഗ് ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല നടന്ന് നാലഞ്ച് ദിവസത്തിനകം സോണിയാഗാന്ധി തന്റെ അമ്മയായ സാകിയ ജഫ്രിയെ സന്ദര്‍ശിച്ചുവെന്ന് കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി. എഹ്സാന്‍ ജെഫ്രിയുടെ മകന് തന്‍വീര്‍ ജഫ്രി പറഞ്ഞതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തകാര്യം സതീശന് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സോണിയ ഗാന്ധി അവരെ സന്ദര്‍ശിച്ചില്ലെന്നാണ് മുഖ്യമന്ത്രി കള്ളം പറയുന്നത്. ആരാണ് അദ്ദേഹത്തിന് ഇതൊക്കെ എഴുതിക്കൊടുക്കുന്നത് ? പച്ചക്കള്ളമാണ് മുഖ്യമന്ത്രി വിളിച്ചു പറയുന്നത്- സതീശന് ആരോപിച്ചു.
'ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നിയമപോരാട്ടം നടത്തിയ തീസ്ത സെതല്‍വാദിന് കോണ്‍ഗ്രസ് ഒരു പിന്തുണയും കൊടുത്തിട്ടില്ല എന്ന ആരോപണവും മുഖ്യമന്ത്രി ഉന്നയിച്ചു. കോണ്‍ഗ്രസ് നല്കുന്ന രാജീവ് ഗാന്ധി ദേശീയ സദ്ഭാവനാ പുരസ്കാരം 2002 ല്‍ ലഭിച്ചത് തീസ്ത സെതല്വാദിനാണ്. 2007 ല്‍ മന്മോഹന് സിങ് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പദ്മശ്രീയാണ് തീസ്തയ്ക്ക് സമ്മാനിച്ചത്. തീസ്ത സെതല്‍വാദിനും ആര്.ബി. ശ്രീകുമാറിനും എല്ലാ പിന്തുണയും നല്കിയ സോണിയാ ഗാന്ധിയാണെന്ന ബിജെപിയുടെ പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു'- സതീശന് പറഞ്ഞു.
'ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ ഒന്ന് നോക്കിയിട്ടു വേണ്ടേ ? കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കാന്‍ വന്നിരിക്കുന്നു. 78 ലും 89 ലും കൈകോര്‍ക്കുകയും ബിജെപി പിന്തുണയോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്ത മുഖ്യമന്ത്രി കോണ്‍ഗ്രസിന് പുതിയ ക്ലാസെടുക്കാന്‍ വന്നിരിക്കുകയാണ്' - സതീശന് ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..