വി.ഡി സതീശൻ | ഫോട്ടോ: പ്രദീപ്കുമാർ ടി.കെ.
കോഴിക്കോട്: ബി.ജെ.പിക്കെതിരെ പൊതുവേദിയില്‍ മാത്രമാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബാന്ധവം മൂലമാണ് ഇ.പി. ജയരാജനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തതെന്നും വി.ഡി. സതീശന് പറഞ്ഞു. മുജാഹിദ് സമ്മേളനത്തില്‍ ബിജെപിക്കെതിരേ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ഇ.പി ജയരാജന് കള്ളപ്പണം വെളുപ്പിച്ചെന്നും അനധികൃതമായി സ്വത്ത് സംമ്പാദിച്ചെന്നും സി.പി.എമ്മിലാണ് ആരോപണം ഉയര്‍ന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികള്‍ എവിടെ പോയി? സി.പി.എം നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ഒരു അന്വേഷണവും നടത്തില്ല. ഇ.പി. ജയരാജനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വി.ഡി. സതീശന് പറഞ്ഞു.
രഹസ്യമായി ബി.ജെ.പിയുമായി ബാന്ധവത്തിലേര്‍പ്പെടാന്‍ മുഖ്യമന്ത്രിക്ക് ഒരു മടിയുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സിപിഎം ബന്ധവമുണ്ടാക്കി. സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം ഒരു സുപ്രഭാതത്തില്‍ അവസാനിച്ചു. ഇതിന് പകരമായി കൊടകര കുഴല്‍പണ കേസ് ബി.ജെ.പി നേതാക്കള്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാരും അവസാനിപ്പിച്ചു. ഇരു കൂട്ടരും കേസുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് ബാന്ധവത്തില്‍ ഏര്‍പ്പെടുകയാണ്. ഇതിന് കേന്ദ്ര മന്ത്രി വി. മുരളീധരന് ഉള്‍പ്പെടെയുള്ളവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്. പകല്‍ സംഘപരിവര്‍- സി.പി.എം വിരോധം പറയുകയും രാത്രിയില്‍ സന്ധി ചെയ്യു.കയും ചെയ്യുന്നവരാണ് കേരളത്തിലെ ബി.ജെ.പി- സി.പി.എം നേതാക്കാള്‍, വി.ഡി. സതീശന് പറഞ്ഞു.
ആനാവൂര്‍ നാഗപ്പനും വി.വി രാജേഷും ഒന്നിച്ചാണ് വിഴിഞ്ഞത്തെ പാവങ്ങള്‍ക്കെതിരെ സമരം ചെയ്തത്. അദാനിക്ക് വേണ്ടിയാണ് സി.പി.എമ്മും ബി.ജെ.പിയും തിരുവനന്തപുരത്ത് ഒന്നിച്ചത്. ആര്.എസ്.എസ് ആചാര്യനെന്ന് അറിയപ്പെടുന്ന ഗോള്‍വാള്‍ക്കര്‍ 'ബഞ്ച് ഓഫ് തോട്ട്സ്' എന്ന പുസ്തകത്തില്‍ ഭരണഘടനയ്ക്ക് എതിരെ പറഞ്ഞിരിക്കുന്ന അതേ കാര്യങ്ങള്‍ പറഞ്ഞതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തുപോകേണ്ടിവന്നത്. ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സും സജി ചെറിയാന്റെ പ്രസംഗവും താതമ്യപ്പെടുത്തിയതിന് പ്രതിപക്ഷ നേതാവിനെതിരെ ആര്.എസ്.എസ് കേസ് കൊടുത്തിരിക്കുകയാണ്. എന്നിട്ടാണ് അതേ സജി ചെറിയാനെ മന്ത്രി സഭയിലേക്ക് കൊണ്ടു വരുന്നത്. എതിരാളികളെ ഇല്ലായ്മ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന ആര്.എസ്.എസും സി.പി.എമ്മും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും വി.ഡി. സതീശന് പറഞ്ഞു.
Content Highlights: v d satheesan press release against cpm, bjp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..