വി.ഡി. സതീശൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യവും സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഈ ചെറുപ്പക്കാരെ എന്നെന്നേക്കുമായി ജയിലില്‍ അടയ്ക്കാന്‍ പൊലീസും സി.പി.എം നേതാക്കളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേരള ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിലൂടെ ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി ഇറങ്ങിപ്പോയ ശേഷമാണ് യുവാക്കള്‍ പ്രതിഷേധിച്ചതെന്ന് ആദ്യം പറഞ്ഞെങ്കിലും ദുഷ്ടലാക്കോടെയാണ് പിന്നീട് മാറ്റിപ്പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലില്‍ പൊതുസമൂഹത്തിന് മുന്നില്‍ തലകുനിച്ച് നടക്കേണ്ടിവന്ന മുഖ്യമന്ത്രിയെ ഈ വിവാദങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം നേതാക്കളും പൊലീസ് തലപ്പത്തെ ഉന്നതരും ചേര്‍ന്ന് ഞങ്ങളുടെ കുട്ടികളെ കരുക്കളാക്കി കള്ളക്കഥ മെനഞ്ഞത്. പക്ഷെ, ഈ കള്ളക്കഥയും ഗൂഢാലോചനയുമൊന്നും നീതിന്യായ വ്യവസ്ഥയെ സ്വാധീനിച്ചില്ലെന്ന് തെളിയിക്കുന്നതാണ് ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധം കരുതിയിരുന്നില്ലെന്നും വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചതെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് മാനേജര്‍ ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ വാക്കുതര്‍ക്കമെന്ന് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടു നല്‍കിയ റിപ്പോര്‍ട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്‍പ്പെടുത്തിയതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജരെ സമ്മര്‍ദ്ദത്തിലാക്കി വ്യാജ റിപ്പോര്‍ട്ടുണ്ടാക്കിയത് പൊലീസ് അസോസിയേഷന്റെ മുന്‍ ഭാരവാഹിയായ എ.സി.പിയുടെ നേതൃത്വത്തിലായിരുന്നുവെന്നും സതീശന്‍ ആരോപിച്ചു.
ഈ റിപ്പോര്‍ട്ടിനെതിരെ ഇന്‍ഡിഗോയ്ക്ക് നല്‍കിയ പരാതിയിലും കമ്പനി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസുകാരെ ചവിട്ടി താഴെയിട്ട് മൃഗീയമായി മര്‍ദ്ദിച്ച ഇ.പി ജയരാജനെതിരെ കേസെടുക്കാനും പൊലീസ് തയാറായിട്ടില്ല. സി.പി.എമ്മിന്റെ ഗുണ്ടാ സംഘത്തെ പോലെ പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍, ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിയും ഗ്രനേഡും ജലപീരങ്കിയും തിരിക്കുന്നതിന് മുന്‍പ്, നീതിയും നിയമവും ആണോ നടപ്പാക്കുന്നതെന്ന് കൂടി ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: v d satheesan on Youth Congress workers In-flight protest against Kerala CM
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..