വി.ഡി. സതീശൻ| Photo: Mathrubhumi
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന പരാതിയുമായി അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിവന്ന സാഹചര്യത്തേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അതിജീവിതയുടെയും പി.സി ജോര്‍ജിന്റെയും കേസില്‍ ഇടനിലക്കാരനായത് സി.പി.എം നേതാവാണെന്നും ഇയാളുടെ പേര് പുറത്തുവിടുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും തുടരന്വേഷണം പൂര്‍ത്തിയാക്കാതെയാണ് കോടതിയിലേക്ക് പോകുന്നതെന്നതെന്നും സി.പി.എം നേതാക്കള്‍ ഇടനിലക്കാരായെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതിജീവിതയുടെയും പി.സി ജോര്‍ജിന്റെയും കേസില്‍ ഒരു സി.പി.എം നേതാവ് തന്നെയാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. അയാള്‍ ആരാണെന്ന് വ്യക്തമായി അറിയാം. തെളിവ് സഹിതം ഇടനിലക്കാന്റെ പേര് യു.ഡി.എഫ് പുറത്ത് വിടും.
തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ച് കോടതിയിലേക്ക് പോകാനുണ്ടായ സാഹചര്യം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇത്തരമൊരു പരാതി കൊടുക്കാനുള്ള സാഹചര്യം അതിജീവിതയ്ക്ക് എങ്ങനെയാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം പോലും ഇതുവരെ അംഗീകരിച്ചില്ല. കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് കഴിഞ്ഞ കുറെക്കാലമായി സര്‍ക്കാര്‍ നടത്തുന്നത്. ഇതേക്കുറിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണം. ഉപതെരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള വിഷയം മാത്രമായി യു.ഡി.എഫ് ഇതിനെ ചെറുതായി കാണുന്നില്ല.ല്ലെന്നും സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും സതീശന് പറഞ്ഞു.
പി.സി ജോര്‍ജിനെതിരായ കേസിലും ഉള്‍പ്പെടെ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അല്ലെങ്കില്‍ എങ്ങനെയാണ് ഒളിവില്‍ കഴിയാനും ഇടക്കാല ജാമ്യം നേടാനുമൊക്കെ കഴിയുന്നത്. ജോര്‍ജിനെ പോലെ ഒരാള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് പോലും അറിയില്ലെങ്കില്‍ ഇന്റലിജന്‍സ് സംവിധാനം പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തയാറാകണം. എറണാകുളത്ത് പ്രസംഗം നടത്താന്‍ ജോര്‍ജിനെ ക്ഷണിച്ചത് ആരാണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. അറസ്റ്റ് ചെയ്യാതെ മുന്‍കൂര്‍ ജാമ്യം നേടാനുള്ള സാവകാശം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുകയായിരുന്നു. സി.പി.എമ്മും ജോര്‍ജും തമ്മിലുള്ള ഇടപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും വി.ഡി. സതീശന് ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..