തിരുവനന്തപുരം: കിഫ്ബിയെ കുറിച്ച് ധനമന്ത്രി തോമസ് ഐസക് കെട്ടിപ്പൊക്കിയ വ്യാജ പ്രതിച്ഛായ തകരുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് തോമസ് ഐസക്ക് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് ചര്‍ച്ചയാക്കിയതെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ. സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു സതീശന്‍. 

'റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പ്, റിപ്പോര്‍ട്ട് നിയമസഭയുടെ ടേബിളില്‍ വെക്കുന്നതിന് മുമ്പ് ഭരണഘടനാ വിരുദ്ധമായിട്ടുളള കാര്യമാണ് ചെയ്യുന്നത് എന്ന് അറിഞ്ഞുകൊണ്ട് എന്തിനാണ് മന്ത്രി ഇങ്ങനെ ചെയ്തത്. മസാല ബോണ്ട് വാങ്ങിക്കാനുളള തീരുമാനത്തെ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിര്‍ത്തിരുന്നു. അവരുടെ അഭിപ്രായങ്ങളെ മറികടന്നുകൊണ്ടാണ് ഈ ലോണ്‍ വാങ്ങാന്‍ പോയത്. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ഞെട്ടും. അതിന്റെ ആഘാതം കുറയ്ക്കുന്നതിന് വേണ്ടി മുന്‍കൂട്ടി ചെയ്ത മുന്‍കൂര്‍ ജാമ്യം എടുക്കല്‍ മാത്രമാണ് തോമസ് ഐസക്ക് ഇപ്പോള്‍ ചെയ്തത്.' സതീശന്‍ പറയുന്നു. 

സി.എ.ജിയുടെ നിലപാട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതാണെന്നും റിപ്പോര്‍ട്ടിന്മേല്‍ സി.എ.ജി. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അതുകൊണ്ടാണ് കരട് റിപ്പോര്‍ട്ടാണെന്ന് ധരിച്ചതെന്നും തോമസ് ഐസക് വിശദീകരിച്ചിരുന്നു. 

നേരത്തെ കണ്ട കരട് റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമാണ് അന്തിമ റിപ്പോര്‍ട്ട്. കേരളത്തിനെതിരേ വലിയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. 

 

Content Highlights:V.D.Satheesan criticises Minister Thomas Isaac