വി.ഡി. സതീശൻ| Photo: Mathrubhumi
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന് ഉയര്‍ന്നുനില്‍ക്കാനുള്ള ഊന്നുവടികളൊന്നും എല്‍ഡിഎഫില്‍ ഇല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം ഇപ്പോള്‍ നിവര്ന്നുനില്ക്കുന്ന ഊന്നുവടി കേരളത്തിലെ യുഡിഎഫിനോ കോണ്‍ഗ്രസിനോ ആവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ലാവ്ലിന് കേസില്‍ നിന്ന് രക്ഷപെടാനും സ്വര്‍ണക്കടത്തില്‍ നിന്ന് രക്ഷപെടാനും ബിജെപി ദേശീയ നേതൃത്വം നല്കിയ ഊന്നുവടിയിലാണ് അദ്ദേഹം നിവര്‍ന്നു നില്‍ക്കുന്നത്. ആ ഊന്നുവടി തങ്ങള്‍ക്ക് വേണ്ടെന്നും സതീശന് പറഞ്ഞു.
മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തും എന്ന് കോണ്‍ഗ്രസ് പറഞ്ഞതില്‍ മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥനാകുന്നത്? സമീപകാലത്ത് മുഖ്യമന്ത്രിക്ക് ഒരു അരക്ഷിതബോധം വല്ലാതെ വളരുകയാണ്. ആ അരക്ഷിത ബോധമാണ് മറ്റുള്ളവരെ പരിഹസിക്കാനും മറ്റുള്ളവരടെ മേല്‍ കുതിരകയറാനും മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത്. യുഡിഎഫ് ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്ന് പറയുന്നതില്‍ മുഖ്യമന്ത്രി ഭയപ്പെടേണ്ട കാര്യമില്ല.
മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലിരുന്ന് ഒരു മന്ത്രി, വിദേശ ഭരണാധികാരിക്ക് കത്തെഴുതിയത് അദ്ദേഹം അറിഞ്ഞിട്ടുകൂടിയില്ല. ഇതുവരെ ജലീലിനോട് ഒന്ന് സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് സമയം കിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഇരുന്നുകൊണ്ട് അധികാര ദുര്‍വിനിയോഗം ചെയ്ത്, പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ ജലീലിനോട് ഗൗരവകരമായ ഇക്കാര്യം ചോദിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും സതീശന് പറഞ്ഞു.
കേരളത്തിലേയും ഇന്ത്യയിലേയും കോണ്‍ഗ്രസ് ഒരു വലതുപക്ഷ പാര്‍ട്ടിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞങ്ങള്‍ നെഹ്റുവിയന്‍ സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ്. ഇടതുപക്ഷം എന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവകാശപ്പെട്ടതല്ല. വലതുപക്ഷം എന്നത് സിപിഎം ഉണ്ടാക്കിയ ആഖ്യാനമാണ്. അത് കോണ്‍ഗ്രസിന് ചേരില്ല. വലതുപക്ഷമല്ല ഞങ്ങള്‍. ഇന്ന് മോദി ഭരണകൂടമാണ് തീവ്ര വലതുപക്ഷ നിലപാട് എടുക്കുന്നത്. അതിന് പിറകേയാണ് കേരളത്തിലെ സര്‍ക്കാരും ഇടതുപക്ഷവുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..