കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക് ടറും എഴുത്തുകാരനുമായ ഡോ. വി.സി ഹാരിസ് (58) അന്തരിച്ചു. അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മരണം സംഭവിച്ചത്.  

ഒക്ടോബര്‍ അഞ്ചിന് ഓട്ടോയില്‍ യാത്രചെയ്യുന്നതിനിടെ കുഴഞ്ഞുവീണാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചലച്ചിത്ര-സാഹിത്യനിരൂപകനും ചലച്ചിത്ര-നാടക പ്രവര്‍ത്തകനുമായിരുന്നു വി.സി. ഹാരിസ്. മയ്യഴിയില്‍ ജനിച്ച ഹാരിസ് കണ്ണൂര്‍ എസ്. എന്‍ കോളേജിലും കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമാണ് പഠിച്ചത്. കോഴിക്കോട് ഫറൂഖ് കോളേജിലും അധ്യാപകനായിരുന്നു. കേരളത്തിലെമ്പാടും നിരവധി പേര്‍ അദ്ദേഹത്തിന്റെ ശിഷ്യരായിട്ടുണ്ട്.