കൊല്ലം : വിശ്രമജീവിതം സന്തോഷം നിറഞ്ഞതാകട്ടെയെന്ന് വിരമിക്കല്‍ദിനത്തില്‍ മണിമേഖല ടീച്ചറോട് സഹപ്രവര്‍ത്തകരാരും പറഞ്ഞില്ല. കുടുംബത്തോടൊപ്പം ആഹ്ലാദിച്ച് ചെലവിടേണ്ട നാളുകളില്‍ തീരാവേദനയോടെയുള്ള മടക്കം... 

ആശംസകളാണോ ആശ്വാസവാക്കുകളാണോ പറയേണ്ടതെന്ന് അവര്‍ക്ക് അറിയുമായിരുന്നില്ല. ടീച്ചറുടെ ഇനിയുള്ള ജീവിതം വിശ്രമമില്ലാത്തതാണെന്ന തിരിച്ചറിവോടെ സഹാധ്യാപകര്‍ അവരെ യാത്രയാക്കുകയായിരുന്നു.

അഞ്ചല്‍ ഏറത്ത് ഭര്‍ത്താവ് പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ അമ്മ മണിമേഖല ശനിയാഴ്ചയാണ് ആയൂര്‍ ജവാഹര്‍ സ്‌കൂളില്‍നിന്ന് പ്രഥമാധ്യാപികയായി വിരമിച്ചത്. രാവിലെ ഉത്രയുടെ മകന്‍ കിച്ചുവിനെ മാറോടു ചേര്‍ത്തുപിടിച്ചാണ് അവര്‍ സ്‌കൂളിലേക്ക് എത്തിയത്. 

ചുമതല കൈമാറുമ്പോഴും എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോഴുമെല്ലാം കൗതുകത്തോടെ അവനെല്ലാം കണ്ടിരുന്നു. ബന്ധുവായ ശ്യാമിനൊപ്പമാണ് മണിമേഖല രാവിലെ സ്‌കൂളിലെത്തിയത്. പന്ത്രണ്ടുവര്‍ഷമായി അവര്‍ ആയൂര്‍ സ്‌കൂളില്‍ ജോലിചെയ്യുകയാണ്. നേരത്തേ കുളത്തൂപ്പുഴയിലും ചോഴിയക്കോട്ടുമുള്ള സ്‌കൂളുകളിലാണ് ജോലി ചെയ്തിരുന്നത്.

Content Highlights: uthra's mother manimekhala teacher retired from service