ലോകമെമ്പാടും കൊറോണ ഭീതി പടരുമ്പോള്‍ കൊറോണ വാക്‌സിന്‍ പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടുകൊടുത്ത ജെന്നിഫര്‍ ഹാലറിന് വന്‍ കൈയടികളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിന്ന് ആളുകള്‍ ചാടിപോകുന്നത് നാട്ടില്‍ വാര്‍ത്തയാകുമ്പോഴാണ് ജെന്നിഫറിന്റെ മാതൃക ഏറെ ശ്രദ്ധേയമാകുന്നത്. സൈബര്‍ എഴുത്തുകാരനായ സന്ദീപ് ദാസിന്റെ ഇതുമായി ബന്ധപ്പെട്ട കുറിപ്പും വായിക്കപ്പെടേണ്ടതാണ്. 

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ഇത് ജെന്നിഫര്‍ ഹാലര്‍.മനുഷ്യവംശത്തിന്റെ നന്മയ്ക്കുവേണ്ടി ഒരു പരീക്ഷണവസ്തുവായി നിന്നുകൊടുത്ത ധീരവനിത !

കൊറോണ വൈറസിനെതിരെ അമേരിക്ക ഒരു വാക്‌സിന്‍ കണ്ടുപിടിച്ചിട്ടുണ്ട്.അവരത് മനുഷ്യരില്‍ പരീക്ഷിച്ചുവരികയാണ്.വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത് ജെന്നിഫറാണ്.വലിയൊരു റിസ്‌കാണ് അവര്‍ എടുത്തിരിക്കുന്നത്.

വാക്‌സിന്‍ സുരക്ഷിതമാണെന്ന ഉറപ്പ് ഡോക്ടര്‍മാര്‍ നല്‍കിയിട്ടില്ല.പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത അവര്‍ തള്ളിക്കളഞ്ഞിട്ടുമില്ല.14 മാസത്തേയ്ക്ക് ജെന്നിഫര്‍ നിരീക്ഷണത്തിലായിരിക്കും.അവര്‍ക്ക് ഉയര്‍ന്ന ഡോസാണ് നല്‍കിയിട്ടുള്ളത്.

ജെന്നിഫറിന് 43 വയസ്സേ പ്രായമുള്ളൂ.ഒരുപാട് ജീവിതം ഇനിയും ബാക്കിയുണ്ട്.ടീനേജ് പിന്നിട്ടിട്ടില്ലാത്ത രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് അവര്‍.ഒന്നും നഷ്ടപ്പെടാനില്ലാത്ത ആളൊന്നുമല്ല എന്ന് സാരം.എന്നിട്ടും ജെന്നിഫര്‍ ഇതിനെല്ലാം തയ്യാറായി.നമ്മുടെ നാട്ടിലെ ചില മൂരാച്ചികള്‍ക്ക് ഇവരില്‍നിന്ന് പലതും പഠിക്കാനുണ്ട്.

കേരളത്തിലെ ആരോഗ്യവകുപ്പ് എന്താണ് പറഞ്ഞിട്ടുള്ളത്? കൊറോണ വന്നയുടന്‍ ആരും മരിക്കില്ല.ഐസോലേഷന്‍ വാര്‍ഡില്‍ കിടന്ന് കൃത്യമായ ചികിത്സകള്‍ സ്വീകരിച്ചാല്‍ രക്ഷപ്പെടാവുന്നതേയുള്ളൂ.

ഐസോലേഷന്‍ വാര്‍ഡിലെ ജീവിതം ദുരിതമയമൊന്നുമല്ല.കളമശ്ശേരിയിലെ വാര്‍ഡില്‍ വിളമ്പുന്ന ഗുണനിലവാരമുള്ള ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.സുപ്രീം കോടതിവരെ അഭിനന്ദിച്ച ആരോഗ്യവകുപ്പാണ് കൊച്ചു കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇത്രയൊക്കെ സൗകര്യങ്ങളുണ്ടായിട്ടും ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്? ചിലര്‍ ചികിത്സ നിഷേധിക്കുന്നു.ഡോക്ടര്‍മാരോട് നുണകള്‍ പറയുന്നു.ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ബലം പ്രയോഗിക്കേണ്ടിവരുന്നു.അഡ്മിറ്റ് ചെയ്തവര്‍ ചാടിപ്പോകാതിരിക്കാന്‍ കാവല്‍ ഏര്‍പ്പെടുത്തേണ്ടിവരുന്നു.ചിലര്‍ രോഗവിവരം മറച്ചുവെച്ച് കറങ്ങിനടന്ന് ഒരു നാടിനെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുന്നു !

എന്നാല്‍ ജെന്നിഫര്‍ ചെയ്തതോ? വാക്‌സിന്‍ പരീക്ഷണത്തിന് വളണ്ടിയര്‍മാരെ ആവശ്യമുണ്ടെന്ന അറിയിപ്പു കിട്ടിയപ്പോള്‍ സന്തോഷപൂര്‍വ്വം അതിനു തയ്യാറായി.ഒരുപാട് നടപടിക്രമങ്ങള്‍ക്കുശേഷമാണ് അവരെ തെരഞ്ഞെടുത്തത്.ഒരു മഹത്തായ കാര്യത്തിനുവേണ്ടി അല്പം ബുദ്ധിമുട്ടാന്‍ അവര്‍ തയ്യാറായിരുന്നു.ഇതെല്ലാം ചെയ്തത് സമൂഹത്തിനുവേണ്ടിയാണെന്ന് ഓര്‍ക്കണം.കൊച്ചു കൊച്ചു ബുദ്ധിമുട്ടുകള്‍ ഭയന്ന് ആരോഗ്യവകുപ്പുമായി സഹകരിക്കാത്ത മലയാളികള്‍ക്ക് ജെന്നിഫറിനെ മാതൃകയാക്കാം.

ഈ പരീക്ഷണത്തിലെ അപകടസാദ്ധ്യതയെക്കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ജെന്നിഫര്‍ നിഷ്‌കളങ്കമായി ചിരിച്ചു.എന്നിട്ട് മെല്ലെ പറഞ്ഞു-

''ഞാന്‍ എന്തും നേരിടാന്‍ തയ്യാറാണ്....!''

നന്മ ചെയ്യാനുള്ള മഹത്തായ ഒരവസരമായിട്ടാണ് ജെന്നിഫര്‍ ഇതിനെ കാണുന്നത്.ചുറ്റിലും മരിച്ചുവീഴുന്ന മനുഷ്യരെക്കുറിച്ച് മാത്രമാണ് അവരുടെ ചിന്തകള്‍.രജിത് കുമാറിന് സ്വീകരണം നല്‍കാന്‍ നെടുമ്പാശ്ശേരിയില്‍ തടിച്ചുകൂടിയ ആളുകള്‍ക്ക് ഇതിന്റെ നൂറിലൊന്ന് വിവേകം ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു!

ഈ ലോകത്തിന്റെ എല്ലാ കോണുകളിലും ജെന്നിഫര്‍മാരുണ്ട്.പല രൂപങ്ങളില്‍ ; പല ഭാവങ്ങളില്‍.കൊവിഡ്-19 ആര്‍ത്തലച്ചുപെയ്യുമ്പോള്‍ ജെന്നിഫര്‍മാര്‍ നമുക്ക് കവചങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്.അവരെ എപ്പോഴും ഓര്‍ക്കണം.ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന ചട്ടങ്ങള്‍ പാലിക്കണം.

സ്വയം രക്ഷിക്കാം...
മറ്റുള്ളവരെ സംരക്ഷിക്കാം...
ഒന്നിച്ച് അതിജീവിക്കാം...

Content Highlights: US scientists start human trial for coronavirus vaccine-facebook post Sandeep Das