തിരുവനന്തപുരം: മാവോവാദി ബന്ധമാരോപിച്ച് കോഴിക്കോട് രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം. അന്വേഷണ സമിതി വിഷയം പരിശോധിക്കട്ടേയെന്നും അതിനുമുമ്പ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനമെടുത്തു. പ്രതികള്‍ക്ക് മാവോവാദി ബന്ധം ഉണ്ടെന്നും സ്ഥിതി ഗുരുതരമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നുവെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പറയുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഒരു നിരപരാധിക്കുമെതിരെ യുഎപിഎ ചുമത്തുമെന്ന് കരുതാനാവില്ല. അതിനാല്‍ ഈ നടപടി സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് നാലാം തീയതി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നിലപാടെടുത്തിരുന്നത്. ഈ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. യുഎപിഎ ചുമത്തിയത് തത്കാലം പിന്‍വലിക്കാനാകില്ല എന്ന നിലപാടിലേക്കാണ് പാര്‍ട്ടിയും സര്‍ക്കാരും ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. കോടതിയും അന്വേഷണ സംഘവും പ്രതികള്‍ക്കെതിരേ തെളിവുകള്‍ ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ ഇടപെട്ട് യുഎപിഎ പിന്‍വലിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.
യുഎപിഎ ചുമത്തിയ കേസായതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് സ്വമേധയാ ഈ കേസ് ഏറ്റെടുക്കാന്‍ ആയേക്കും. അങ്ങനെയൊരു കേന്ദ്ര ഇടപെടല്‍ ഉണ്ടായാല്‍ അത് സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്ക് ഇടയാക്കും. മാവോവാദികള്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്ന ആക്ഷേപങ്ങള്‍ക്ക് രാജ്യത്താകമാനം ബിജെപി പ്രചാരണം നല്‍കിയേക്കാം. അതിനാല്‍ സൂക്ഷിച്ചുമാത്രം കൈകാര്യം ചെയ്യേണ്ട വിഷയമായതിനാല്‍ തത്കാലം യുഎപിഎ ചുമത്തിയത് പിന്‍വലിക്കേണ്ടതില്ല.
യുഎപിഎ നിയമത്തിലെ സെക്ഷന്‍ 42 പ്രകാരം ഒരു നിരീക്ഷണ സമിതിയെ നിയോഗിക്കണം. റിട്ട. ഹൈക്കോടതി ജഡ്ജിയും മുന്‍ ലോ സെക്രട്ടറിയുമായ പി.എസ് ഗോപിനാഥന്‍ അധ്യക്ഷനായ സമിതിയാണ് പുനഃപരിശോധനയ്ക്കായി കേരളത്തിലുള്ളത്. അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ഈ സമിതിയുടെ മുമ്പാകെ കേസ് വരും. അപ്പോള്‍ വേണമെങ്കില്‍ സമിതി വിഷയം പരിശോധിച്ച് തീരുമാനമെടുക്കട്ടെ. അതിനുമുമ്പ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ല എന്നാണ് സെക്രട്ടേറിയേറ്റ് യോഗത്തിലെ ധാരണ.
കോഴിക്കോട് ജില്ലാകമ്മിറ്റി ഗുരുതരമായ കാര്യങ്ങള്‍ സെക്രട്ടേറിയേറ്റിനെ അറിയിച്ചിട്ടുണ്ട്. അറസ്റ്റിലായ യുവാക്കള്‍ക്ക് തീവ്ര ആശയങ്ങളോടുള്ള ആഭിമുഖ്യം ശക്തമാണ്. ഇവര്‍ക്ക് മാവോവാദി ആശയങ്ങളുമായി വലിയ തോതില്‍ ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതികളെപ്പറ്റി ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ ഗുരുതരമാണെന്നാണ് ജില്ലാകമ്മിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റിനെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ തത്കാലം അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ട സാഹചര്യമുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ നടപടിയെടുക്കേണ്ടതില്ല. അങ്ങനെ ചെയ്താല്‍ അവരെ പാര്‍ട്ടി പൂര്‍ണമായും കൈയൊഴിയുന്നതുപോലെയാകും. മാത്രമല്ല അവരെ പിന്തുണയ്ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമുണ്ട്. ഇവരെ വിഷമിപ്പിക്കുന്ന ഒരു തീരുമാനം ഉടന്‍ എടുക്കേണ്ടതില്ല. എന്നാല്‍ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് അനുമതി നല്‍കിയിട്ടുണ്ട്.
Content Highlights: CPI(M) State secretariat says accused have Maoists link